ജിദ്ദ: വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യമാക്കി ഭീകര സംഘടനയായ ഹൂത്തികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി അറേബ്യയുടെ ശക്തമായ വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തു. ഒക്ടോബർ 24-ന് നടന്ന ആക്രമണത്തിൽ, വ്യോമസേന ആകാശത്തുവെച്ച് മിസൈലുകൾ പ്രതിരോധിച്ചതിനെ തുടർന്ന് അവയുടെ ഭാഗങ്ങളും അവശിഷ്ടങ്ങളും മക്ക, ജിദ്ദ, ത്വായിഫ്, റാബിഗ് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ പതിച്ചതായി സൗദി സിവിൽ ഡിഫൻസ് ശനിയാഴ്ച ഔദ്യോഗികമായി അറിയിച്ചു.
മിസൈലുകൾ പ്രതിരോധിച്ചതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളിൽ മക്കയിലെയും മദീനയിലെയും സിവിൽ ഡിഫൻസ് അടിയന്തര രക്ഷാസേന ഉടൻതന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. മിസൈലിന്റെ ഭാഗങ്ങൾ മക്കയിലെ വാദി അൽ മുഖമ്മീസിലും, പ്രതിരോധിച്ചതിന്റെ അവശിഷ്ടങ്ങൾ ജിദ്ദയിലെ അൽ നുസ്ഹ ഏരിയയിലും, ത്വായിഫിലെ വാദി ജലീൽ, റാബിഗ് ഗവർണറേറ്റിലെ മസ്തൂറ പ്രദേശം എന്നിവിടങ്ങളിലുമാണ് പതിച്ചത്. ഇത്തരം അത്യാഹിത സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അംഗീകരിച്ചിട്ടുള്ള എല്ലാ അടിയന്തര മുൻകരുതൽ സുരക്ഷാ നടപടികളും കൃത്യമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് വക്താവ് കൂട്ടിച്ചേർത്തു.
