ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കാരം വേണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. വികസ്വര രാജ്യങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ഉത്തരവാദിത്തം ശക്തിപ്പെടുത്തുകയും വേണമെന്നും സൗദി വ്യക്തമാക്കി.
യുഎൻ പൊതുസഭയിൽ രക്ഷാസമിതിയിലെ അംഗസംഖ്യ വർധിപ്പിക്കുന്നതും രാജ്യങ്ങൾക്ക് തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതും സംബന്ധിച്ച ചർച്ചയിലാണ് സൗദി നിലപാട് അറിയിച്ചത്. പരിഷ്കാരങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രധാന വേദിയായി അംഗരാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ തുടരണമെന്നും ആവശ്യപ്പെട്ടു.
നീതിപൂർവമായ പ്രാതിനിധ്യം, എല്ലാവരെയും ഉൾക്കൊള്ളൽ, കാര്യക്ഷമത, തുല്യത എന്നിവ അടിസ്ഥാനമാക്കിയാകണം പരിഷ്കാരങ്ങളെന്ന് സൗദി ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങളുടെ താൽപര്യങ്ങളും പ്രതീക്ഷകളും പരിഗണിക്കണമെന്നും വ്യക്തമാക്കി.
രക്ഷാസമിതിയുടെ പ്രവർത്തനരീതികൾ മെച്ചപ്പെടുത്തണമെന്നും വീറ്റോ അധികാരത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും സൗദി ആവശ്യപ്പെട്ടു. വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനങ്ങൾ എന്നിവയുണ്ടാകുന്ന സാഹചര്യങ്ങളിൽ വീറ്റോ അധികാരം ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നാണ് ആവശ്യം.
രക്ഷാസമിതിയിൽ സമഗ്രവും ഫലപ്രദവുമായ പരിഷ്കാരം നടപ്പാക്കുന്നതിനായി യുഎൻ അംഗരാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും സൗദി ആവർത്തിച്ചു.
