റിയാദ്: ഇന്റർനെറ്റ് സുരക്ഷാ സാങ്കേതികവിദ്യയായ റിസോഴ്സ് പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ റൂട്ട് ഒറിജിൻ വാലിഡേഷൻ (RPKI RoV) നടപ്പാക്കുന്നതിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. ഏഷ്യ–പസഫിക് മേഖലയിലെ ഇന്റർനെറ്റ് വിലാസങ്ങൾ കൈകാര്യം ചെയ്യുന്ന APNIC-യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഈ സാങ്കേതികവിദ്യയുടെ വിന്യാസനിരക്ക് 99.8 ശതമാനമാണ്.
ഇന്റർനെറ്റ് ട്രാഫിക് അംഗീകൃത നെറ്റ്വർക്കുകളിലൂടെ തന്നെയാണോ കൈമാറുന്നതെന്ന് പരിശോധിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്. വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകളിലേക്കും ഓൺലൈൻ സേവനങ്ങളിലേക്കും ട്രാഫിക് വഴിതിരിച്ചുവിടാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ആശയവിനിമയ, ബഹിരാകാശ, സാങ്കേതികവിദ്യാ കമ്മീഷനായ CST, ആഗോള മികച്ച രീതികൾ സ്വീകരിക്കുന്നതിൽ ടെലികോം മേഖലയിലെ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് വ്യക്തമാക്കി. ഇന്റർനെറ്റ് അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിലും ഇത് നിർണായകമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഇന്റർനെറ്റ് പ്രോട്ടോക്കോൾ പതിപ്പ് 6 (IPv6) നടപ്പാക്കുന്നതിൽ സൗദി ആഗോളതലത്തിൽ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഡൊമെയ്ൻ നെയിം സിസ്റ്റം സെക്യൂരിറ്റി എക്സ്റ്റൻഷൻസ് (DNSSEC) വാലിഡേഷൻ സൂചികയിൽ ജി20 രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും സൗദിക്കാണ്.
