ജിദ്ദ: വിറ്റ സാധനങ്ങൾ തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല എന്ന് സ്ഥാപനങ്ങളിൽ ബോർഡുകളോ നോട്ടീസുകളോ പതിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി സൗദി വാണിജ്യ മന്ത്രാലയം. ഇത്തരത്തിൽ നോട്ടീസ് പതിക്കുന്ന സ്ഥാപനങ്ങൾക്ക് 1,000 റിയാൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി തുടക്കത്തിൽ നോട്ടീസ് നൽകിയ ശേഷം 14 ദിവസത്തെ സാവകാശവും സ്ഥാപനങ്ങൾക്ക് അനുവദിക്കും.
ഭക്ഷ്യവസ്തുക്കൾക്ക് മന്ത്രാലയമോ ബന്ധപ്പെട്ട അധികാരികളോ നിശ്ചയിച്ച തുകയേക്കാൾ കൂടുതൽ ഈടാക്കിയാൽ വൻ തുക പിഴയായി നൽകേണ്ടിവരും. വിൽപന വിലയും നിശ്ചിത വിലയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ഓരോ ഇനത്തിനും കുറഞ്ഞത് 5,000 റിയാൽ മുതൽ പരമാവധി 1,00,000 റിയാൽ വരെയാണ് പിഴ ചുമത്തുക.
മന്ത്രാലയം വ്യക്തമാക്കിയ മറ്റ് പ്രധാന നിയമലംഘനങ്ങളും പിഴ തുകയും താഴെ പറയുന്നവയാണ്:
• വില പ്രദർശിപ്പിക്കാതിരിക്കലും ബില്ലും: ഉൽപ്പന്നങ്ങളുടെ വില പ്രദർശിപ്പിക്കാതിരിക്കൽ, ഉപഭോക്താക്കൾക്ക് ബില്ലുകൾ നൽകാൻ വിസമ്മതിക്കൽ, പരസ്യപ്പെടുത്തിയ വിലയും അന്തിമ വിലയും തമ്മിലുള്ള പൊരുത്തക്കേടുകൾ എന്നിവയ്ക്ക് 200 മുതൽ 1,000 റിയാൽ വരെ പിഴ ലഭിക്കും.
• ഡിജിറ്റൽ പേയ്മെന്റ്: ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ ഏർപ്പെടുത്താതിരുന്നാൽ 200 മുതൽ 1,000 റിയാൽ വരെയും, ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കാൻ വിസമ്മതിച്ചാൽ 400 മുതൽ 2,000 റിയാൽ വരെയും പിഴ ഈടാക്കും.
• വ്യാജ/അജ്ഞാത ഉൽപ്പന്നങ്ങൾ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ളതോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ അടങ്ങിയതോ ആയ സാധനങ്ങൾ കൈവശം വെക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്താൽ 1,000 മുതൽ 5,000 റിയാൽ വരെയാണ് പിഴ.
• ബാങ്ക് അക്കൗണ്ടുകൾ: സ്ഥാപനത്തിന്റെ പേരിൽ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ തുറക്കാത്ത കടകൾക്ക് 1,000 മുതൽ 5,000 റിയാൽ വരെ പിഴ ഈടാക്കും. ഇവർക്ക് നിയമപരമായ പദവി ശരിയാക്കാൻ 30 ദിവസത്തെ സമയവും അനുവദിക്കും.
• ഭക്ഷ്യവസ്തുക്കൾ പാഴാക്കൽ: അനുവദിച്ച ക്വാട്ടയുടെ 5 ശതമാനത്തിൽ കൂടുതൽ മൈദ, മാവ്, റൊട്ടി എന്നിവ പാഴാക്കിയാൽ 1,000 മുതൽ 5,000 റിയാൽ വരെയും, സബ്സിഡി ലഭിച്ച മൈദ റീ-പാക്ക് ചെയ്ത് മറിച്ചുവിറ്റാൽ 2,000 മുതൽ 10,000 റിയാൽ വരെയും പിഴ ഈടാക്കും.
• ദേശീയ/മത ചിഹ്നങ്ങളുടെ ദുരുപയോഗം: ദേശീയ ലോഗോകളും മതപരവും വിഭാഗീയവുമായ ചിഹ്നങ്ങളും വാണിജ്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്താൽ 200 മുതൽ 1,000 റിയാൽ വരെ പിഴ ഈടാക്കും.
നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ തുക ഇരട്ടിയാക്കുമെന്നും മന്ത്രാലയം കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
