മനാമ: ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, നിർമിതബുദ്ധി (എഐ), നൂതന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സൗദി വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി അബ്ദുല്ല അൽസ്വാഹ ബഹ്റൈൻ, കുവൈത്ത്, ഖത്തർ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
ബഹ്റൈനിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) തപാൽ–ടെലികോം കാര്യങ്ങൾക്കായുള്ള 30-ാമത് മന്ത്രിതല സമിതിയോഗത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ചകൾ. ഡിജിറ്റൽ മേഖലയിൽ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുകയായിരുന്നു ലക്ഷ്യം.
ബഹ്റൈൻ ഗതാഗത–ടെലികോം മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയുമായി നടത്തിയ ചർച്ചയിൽ ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനം, ടെലികോം സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കൽ, എഐ–നൂതന സാങ്കേതികവിദ്യാ സഹകരണം എന്നിവ വിലയിരുത്തി.
കുവൈത്ത് വാർത്താവിനിമയ–വിവരസാങ്കേതിക സഹമന്ത്രി ഒമർ സൗദ് അൽ ഒമറുമായുള്ള കൂടിക്കാഴ്ചയിൽ ഡിജിറ്റൽ നിയന്ത്രണ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ, ടെലികോം അടിസ്ഥാനസൗകര്യങ്ങളുടെ സജ്ജീകരണം, നൂതന സാങ്കേതികവിദ്യകളിലെ സഹകരണം എന്നിവ ചർച്ചയായി.
ഖത്തർ വാർത്താവിനിമയ–വിവരസാങ്കേതിക മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായിയുമായും അൽസ്വാഹ കൂടിക്കാഴ്ച നടത്തി. നിർമിതബുദ്ധി, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, ഡിജിറ്റൽ രംഗത്തെ പ്രതിഭകളുടെ വികസനം, സാങ്കേതിക കമ്പനികളുടെ വളർച്ചയും വിപുലീകരണവും എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ.
