റിയാദ്: സൗദി അറേബ്യയ്ക്കു നേരെയുള്ള ഹൂതി ആക്രമണങ്ങളെ അപലപിച്ച് സിറിയ. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിൽ സിറിയൻ വിദേശകാര്യ മന്ത്രി അസ്അദ് അൽ ശൈബാനിയാണ് സിറിയയുടെ നിലപാട് വ്യക്തമാക്കിയത്. സൗദിക്കൊപ്പം ഉറച്ചുനിൽക്കുന്നതായും അദ്ദേഹം അറിയിച്ചു.
മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളും ഹൂതി ആക്രമണങ്ങളും ഇരുവരും ചർച്ച ചെയ്തു. സൗദിയുടെയും സിറിയയുടെയും സുരക്ഷ അറബ് ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് മന്ത്രിമാർ വ്യക്തമാക്കി. പ്രാദേശിക സ്ഥിരത ഉറപ്പാക്കാൻ തുടർച്ചയായ ഏകോപനവും സഹകരണവും ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്ത മന്ത്രിമാർ വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.
