റിയാദ്: സൗദി അറേബ്യയിൽ ഉൽപ്പാദക വില സൂചിക (PPI) 2026 ഓഗസ്റ്റിൽ കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 5.1 ശതമാനം വർധിച്ചു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിർമാണ മേഖലയിലെ വിലയിൽ 5.3 ശതമാനവും ജലവിതരണം, മലിനജല സംസ്കരണം, മാലിന്യസംസ്കരണം എന്നീ മേഖലകളിൽ 4.2 ശതമാനവും വൈദ്യുതി, വാതകം തുടങ്ങിയ മേഖലകളിൽ 2.2 ശതമാനവും വർധന രേഖപ്പെടുത്തി.
വ്യവസായ ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കളുടെ വില 10.5 ശതമാനവും അടിസ്ഥാന ലോഹങ്ങളുടെ വില 8.6 ശതമാനവും ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില 5.4 ശതമാനവും ഉയർന്നു. ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് 4.8 ശതമാനം വിലവർധനയുണ്ടായി. വസ്ത്രങ്ങളുടെ വില 13.4 ശതമാനം ഉയർന്നപ്പോൾ യന്ത്രങ്ങളും ഉപകരണങ്ങളും ഒഴികെയുള്ള നിർമിത ലോഹ ഉൽപ്പന്നങ്ങളുടെ വില 3.1 ശതമാനം കുറഞ്ഞു.
മാസാടിസ്ഥാനത്തിൽ വലിയ മാറ്റമില്ല
ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റിൽ ഉൽപ്പാദക വില സൂചികയിൽ കാര്യമായ മാറ്റമുണ്ടായില്ല. നിർമാണ മേഖലയിലെ വിലയിൽ 0.1 ശതമാനം കുറവുണ്ടായി. രാസവസ്തുക്കളുടെ വില 1.5 ശതമാനവും റബർ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വില 0.8 ശതമാനവും പാനീയ ഉൽപ്പാദന മേഖലയിലെ വില 0.7 ശതമാനവും താഴ്ന്നു.
അതേസമയം, ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില 0.6 ശതമാനവും അടിസ്ഥാന ലോഹങ്ങളുടെ വില 0.2 ശതമാനവും ഉയർന്നു. വൈദ്യുതി, വാതകം തുടങ്ങിയ മേഖലകളിൽ ഒരു ശതമാനവും ജലവിതരണം, മലിനജല-മാലിന്യ സംസ്കരണ മേഖലകളിൽ 0.3 ശതമാനവും മാസാടിസ്ഥാനത്തിൽ വിലവർധന രേഖപ്പെടുത്തി.
രാജ്യത്തിനകത്ത് ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന ആപേക്ഷിക മാറ്റങ്ങളാണ് ഉൽപ്പാദക വില സൂചികയിലൂടെ അളക്കുന്നതെന്ന് GASTAT വ്യക്തമാക്കി.
