റിയാദ്: യെമനിലെ ഹൂതി മിലിഷ്യയുടെ 127 ആയുധശേഖരങ്ങളും നിരവധി മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും തകർത്തതായി യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു. ഹൂതികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകൾക്കും പ്രഹരമേൽപ്പിച്ചതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി റിയാദിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സൻആ, സഅദ, അംറാൻ എന്നിവിടങ്ങളിലെ മലനിരകളിൽ ആയുധങ്ങൾ സൂക്ഷിക്കാനും അവിടെനിന്ന് ആക്രമണങ്ങൾ നടത്താനും ഹൂതികൾ സംവിധാനമൊരുക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു. മലനിരകളിലെ തുരങ്കങ്ങളും പ്രകൃതിദത്ത ഗുഹകളും മിസൈൽ വിക്ഷേപണത്തിനായി ഉപയോഗിച്ചിരുന്നതായും വ്യക്തമാക്കി. നിരവധി തുരങ്കങ്ങളും മിസൈൽ ശേഖരങ്ങളും വിക്ഷേപണ കേന്ദ്രങ്ങളും സഖ്യസേന തകർത്തു. ക്രൂസ് മിസൈലുകൾ തടയുകയും ഷാഹിദ്, സമദ് ഡ്രോണുകൾ നശിപ്പിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
സൻആയിലെ അൽ സബാഹ സെൻട്രൽ സ്റ്റേഷൻ, ഹുദൈദയിലെ റാസ് ഈസ തുറമുഖത്തെ കടൽത്തീര സൗകര്യങ്ങൾ, ഭൂഗർഭ ഇന്ധനശേഖരം, ദമ്മാറിലെ മറ്റൊരു ഇന്ധനശേഖരം എന്നിവയുൾപ്പെടെ ഹൂതികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകൾ ലക്ഷ്യമിട്ടതായും അൽ മാലികി അറിയിച്ചു. പ്രാദേശിക കക്ഷികളുടെ സഹായത്തോടെ ഹൂതികൾ അത്യാധുനിക സാങ്കേതികവിദ്യകളും ആയുധങ്ങളും കൈവരിച്ചതായും അദ്ദേഹം ആരോപിച്ചു.
റിയാദ് വിമാനത്താവളത്തിന് നേരെ 20 ആക്രമണശ്രമങ്ങൾ
ഒക്ടോബർ ആദ്യം മുതൽ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ 20 ആക്രമണങ്ങൾ നടത്തിയതായി സഖ്യസേനാ വക്താവ് പറഞ്ഞു. സൗദിയിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് നിരവധി ആക്രമണശ്രമങ്ങൾ ഉണ്ടായതായും മക്ക, മദീന എന്നിവിടങ്ങളെയും വിശുദ്ധ പള്ളികളെയും ലക്ഷ്യമിടാനുള്ള ശ്രമങ്ങൾ അതീവ ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഖ്യസേനയുടെ കണക്കനുസരിച്ച്, റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 17 പേർ മരിക്കുകയും 333 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈനിക നടപടികൾ ആരംഭിച്ചതുമുതൽ സൗദിയിലേക്ക് 1,104 മിസൈലുകളും 1,135 ഡ്രോണുകളും വിക്ഷേപിക്കപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
ആക്രമണങ്ങൾ തുടർന്നാൽ നടപടി ശക്തമാക്കും
സൗദി സായുധസേനയ്ക്ക് അത്യാധുനിക പ്രതിരോധ സംവിധാനങ്ങളുണ്ടെന്നും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണവും ഉറപ്പാക്കാൻ ഇവയ്ക്ക് ശേഷിയുണ്ടെന്നും അൽ മാലികി പറഞ്ഞു. ഹൂതി ആക്രമണങ്ങൾ സിവിൽ വ്യോമയാനത്തിനും യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്നും വിശുദ്ധ പള്ളികളിലേക്ക് എത്തുന്ന തീർഥാടകരുടെ സുരക്ഷയെപ്പോലും അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെങ്കടലിലെ കപ്പൽഗതാഗത സ്വാതന്ത്ര്യത്തിനും ഹൂതികൾ ഭീഷണിയുയർത്തുന്നതായി അദ്ദേഹം പറഞ്ഞു. സഖ്യസേനയുടെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമം പാലിച്ചും സാധാരണക്കാരുടെ സുരക്ഷ പരിഗണിച്ചുമാണ് നടത്തുന്നതെന്നും വ്യക്തമാക്കി. ഹൂതി ശൃംഖലയുടെ ശേഷികൾ തകർക്കുന്നതിനും ആക്രമണങ്ങൾ തടയുന്നതിനുമുള്ള നടപടികൾ തുടരുമെന്നും യെമനിലെ നിയമാനുസൃത സർക്കാരിനും സായുധസേനയ്ക്കും പിന്തുണ നൽകുമെന്നും അൽ മാലികി അറിയിച്ചു. സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഹൂതികളോട് ആവശ്യപ്പെട്ടു.
