റിയാദ്: ആഗോള വെല്ലുവിളികൾക്കും ഭീഷണികൾക്കും മുന്നിൽ സൗദി അറേബ്യ ഭയന്നുപിന്മാറില്ലെന്നും, സ്വന്തം ഭാവി നിർണ്ണയിക്കാനുള്ള പൂർണ്ണ നിശ്ചയദാർഢ്യവും ഉറച്ച വിശ്വാസവും സൗദി ജനതയ്ക്കുണ്ടെന്നും സൗദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ എത്ര വലിയ പ്രതീകൂല സാഹചര്യങ്ങൾ ഉണ്ടായാലും ഊർജ്ജ മേഖലയിലുള്ള നിക്ഷേപങ്ങൾ തുടരുകയും, ആഗോള പ്രതിബദ്ധതകൾ പാലിക്കുകയും, വിഷൻ 2030 ലക്ഷ്യങ്ങളിലേക്ക് രാജ്യം മുന്നേറുകയും ചെയ്യുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. റിയാദിൽ ആരംഭിച്ച 25-ാമത് വേൾഡ് പെട്രോളിയം കോൺഗ്രസിന്റെ (World Petroleum Congress) ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദികളുടെ നിഘണ്ടുവിൽ ‘ഭയം’ എന്ന വാക്കില്ലെന്ന് പ്രഖ്യാപിച്ച മന്ത്രി, രാജ്യം കൈവരിച്ച നേട്ടങ്ങളും വരുംകാല തന്ത്രങ്ങളും വ്യക്തമാക്കുന്ന പ്രധാന പോയിന്റുകൾ ഊർജ്ജ ഉച്ചകോടിയിൽ പങ്കുവെച്ചു. രാജ്യം അഭിമുഖീകരിക്കുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്നും, വരും തലമുറകളുടെ സുരക്ഷിതമായ ഭാവിക്കായി തന്ത്രപ്രധാനമായ തീരുമാനങ്ങളുമായി സൗദി അറേബ്യ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ് ഇന്ന് ആഗോള ഊർജ്ജ സുരക്ഷയുടെ ആസ്ഥാനമായി മാറിയിരിക്കുകയാണെന്നും, ലോകത്തെ വിവിധ പ്രതിനിധികളുടെ സാന്നിധ്യം അത് തെളിയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കടൽമാർഗ്ഗമുള്ള വിതരണ ശൃംഖലകൾക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളിൽ തടസ്സമില്ലാത്ത ഊർജ്ജ ലഭ്യത ഉറപ്പാക്കാൻ സൗദിയുടെ തന്ത്രപ്രധാനമായ ‘ഈസ്റ്റ്-വെസ്റ്റ്’ (East-West) ഓയിൽ പൈപ്പ്ലൈൻ സഹായകരമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. അടുത്ത 2 മുതൽ 3 വർഷത്തിനുള്ളിൽ ഈ പൈപ്പ്ലൈൻ വഴി പ്രതിദിനം 10 മില്യൺ ബാരൽ എണ്ണ എത്തിക്കാനുള്ള ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. കൂടാതെ ഗ്യാസ് പൈപ്പ്ലൈനിന്റെ ശേഷി 3 മില്യൺ ബാരലായി ഉയർത്താനുള്ള പുതിയ നിക്ഷേപങ്ങളും സൗദി നടത്തുന്നുണ്ട്. ഏതൊരു പ്രതിസന്ധിയിലും അരാംകോയുടെ (Aramco) അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം പുനഃസ്ഥാപിക്കാൻ സാധിക്കുന്നത് വർഷങ്ങളുടെ ആസൂത്രണവും സൗദിയിലെ പ്രാദേശിക പ്രതിഭകളുടെ കഴിവും കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യ പുനരുപയോഗ ഊർജ്ജ പദ്ധതികൾ വിപുലീകരിക്കുന്നതോടൊപ്പം ഇലക്ട്രിസിറ്റി, ഗ്യാസ്, മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയിൽ വൻ നിക്ഷേപങ്ങൾ തുടരുകയാണെന്ന് മന്ത്രി അറിയിച്ചു. എല്ലാവർക്കും ആഗോള ഊർജ്ജ സുരക്ഷ ഉറപ്പാക്കാതെ ഊർജ്ജ മേഖലയുടെ സുസ്ഥിരമായ ഭാവി സാധ്യമല്ലെന്നും, വിപണിക്ക് താങ്ങാനാവുന്ന വിലയിൽ ഊർജ്ജം ലഭ്യമാക്കാൻ ദീർഘകാല നിക്ഷേപങ്ങളും കാര്യക്ഷമമായ നേതൃത്വവും അത്യാവശ്യമാണെന്നും പറഞ്ഞ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.
