റിയാദ്: നിലവിലെ വെല്ലുവിളികളെ മറികടന്ന് അന്താരാഷ്ട്ര ഊർജ വിതരണ കരാറുകൾ പാലിക്കുമെന്നും രാജ്യത്തിന്റെ വികസന പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും സൗദി ഊർജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ. റിയാദിൽ നടക്കുന്ന 25-ാമത് വേൾഡ് പെട്രോളിയം കോൺഗ്രസിന്റെ (WPC) ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക സംഘർഷങ്ങളും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളും ഊർജ സുരക്ഷയുടെ പ്രാധാന്യം വ്യക്തമാക്കിയതായി മന്ത്രി പറഞ്ഞു. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാത്രം തയ്യാറെടുപ്പുകൾ നടത്തുന്നതിന് പകരം മുൻകൂട്ടി പ്രതിരോധശേഷി ഉറപ്പാക്കണം.
എണ്ണ ഉൽപാദനത്തിലെ അധികശേഷി, സംഭരണ സൗകര്യങ്ങൾ, ബദൽ കയറ്റുമതി പാതകൾ, സാങ്കേതികവിദ്യ, ആഭ്യന്തര വിതരണ ശൃംഖലകൾ എന്നിവയിൽ സൗദി ദീർഘകാലമായി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എണ്ണ, പ്രകൃതിവാതക വിതരണം ഉറപ്പാക്കുന്നതിനൊപ്പം പുനരുപയോഗ ഊർജം, വൈദ്യുതി ശൃംഖലകൾ, ഊർജ സംഭരണം, കുറഞ്ഞ കാർബൺ പുറന്തള്ളുന്ന സാങ്കേതികവിദ്യകൾ എന്നിവയുടെ വികസനവും തുടരും. ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വിദഗ്ധ മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനും മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
സൗദി വിഷൻ 2030 നടപ്പാക്കുന്നതിലും ഊർജ-വ്യവസായ മേഖലകളുടെ ശേഷി വർധിപ്പിക്കുന്നതിലും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ 15 വരെ നടക്കുന്ന സമ്മേളനം സൗദി ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്. 90 വർഷത്തിലേറെ പഴക്കമുള്ള WPC എനർജി കോൺഗ്രസിൽ വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, ഊർജ മേഖലയിലെ പ്രമുഖർ, നിക്ഷേപകർ, വിദഗ്ധർ എന്നിവർ പങ്കെടുക്കുന്നുണ്ട്. ഊർജ സുരക്ഷ, നിക്ഷേപം, സുസ്ഥിര വികസനം, നിർമിതബുദ്ധി, പുതിയ സാങ്കേതികവിദ്യകൾ എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ.
