കാഠ്മണ്ഡു: നേപ്പാളിലെ പ്രളയബാധിതർക്കായി സൗദി അറേബ്യ അയച്ച ദുരിതാശ്വാസ സാമഗ്രികളുമായി പ്രത്യേക വിമാനം കാഠ്മണ്ഡുവിലെത്തി. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരമാണ് സഹായമെത്തിച്ചത്.
കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (KSrelief) പ്രത്യേക സംഘം നേപ്പാൾ അധികൃതരുമായി ഏകോപിപ്പിച്ച് ദുരിതാശ്വാസ സാമഗ്രികൾ പ്രളയബാധിതർക്ക് വിതരണം ചെയ്യും.
അടുത്തിടെ നേപ്പാളിലുണ്ടായ പ്രളയത്തിൽ വലിയ തോതിൽ ആളപായവും സ്വത്തുനാശവും സംഭവിച്ചിരുന്നു. ദുരന്തബാധിതരായ സൗഹൃദ രാജ്യങ്ങൾക്കൊപ്പം നിൽക്കാനുള്ള സൗദിയുടെ മാനുഷിക പ്രതിബദ്ധതയുടെ ഭാഗമാണ് സഹായമെന്ന് നേപ്പാളിലെ സൗദി അംബാസഡർ ഫഹദ് ബിൻ മനീഖർ പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ വിവിധ രാജ്യങ്ങൾക്ക് സൗദി നൽകിവരുന്ന മാനുഷിക സഹായങ്ങളുടെ ഭാഗമായാണ് ഈ ദുരിതാശ്വാസ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.
