റിയാദ്: അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നടന്ന ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.
ചൊവ്വാഴ്ച അബഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് വിദേശ വനിതകൾ കൊല്ലപ്പെട്ടു. മൊറോക്കൻ, അൾജീരിയൻ സ്വദേശികളായ ഇവർക്കൊപ്പം സൗദി പൗരന്മാരും വിദേശ താമസക്കാരും ഉൾപ്പെടെ 28 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ബംഗ്ലാദേശ്, ഫിലിപ്പീൻസ് സ്വദേശികളുമുണ്ട്.
ബുധനാഴ്ച റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ സുഡാൻ സ്വദേശിയായ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ച് സൗദി പൗരന്മാരും രണ്ട് ഈജിപ്ഷ്യൻ, ഒരു പാകിസ്ഥാൻ സ്വദേശിയും ഉൾപ്പെടുന്നു.
രണ്ട് ആക്രമണങ്ങളിലുമായി പരിക്കേറ്റ എല്ലാവരെയും അടിയന്തരമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആക്രമണങ്ങളിൽ ചില വസ്തുവകകൾക്കും കേടുപാടുകൾ സംഭവിച്ചതായി GACA വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നാശനഷ്ടങ്ങളും വിമാനത്താവള സൗകര്യങ്ങളുടെ സുരക്ഷയും വിലയിരുത്തിവരികയാണെന്നും അതോറിറ്റി അറിയിച്ചു.
