സനാ: യമനിലെ വിവിധ മേഖലകളിൽ ഹൂത്തി മിലിഷ്യകളുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് 1,729 കൃത്യമായ ആക്രമണങ്ങൾ നടത്തിയതായി യമൻ സായുധ സേനാ വക്താവ് കേണൽ റുക്ൻ മാജിദ് അബ്ദുള്ള അൽ നസൈലി അറിയിച്ചു. ‘ഓപ്പറേഷൻ ഫജ്ർ യമൻ’ എന്ന പേരിൽ തുടരുന്ന സൈനിക നടപടിയുടെ ഭാഗമായി മിലിഷ്യകളുടെ നിരീക്ഷണ കേന്ദ്രങ്ങൾ, മുൻനിര കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, ആയുധശേഖരങ്ങൾ, സപ്ലൈ ലൈനുകൾ, സൈനിക താവളങ്ങൾ എന്നിവയ്ക്ക് നേരെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചാണ് ഈ ആക്രമണങ്ങൾ നടത്തിയത്. ഈ സൈനിക നീക്കങ്ങളിൽ 1,370 ഹൂത്തി ഭീകരരെ വധിക്കാനും, സൈനിക വാഹനങ്ങളും ഉപകരണങ്ങളും അടക്കം 300-ഓളം ആയുധ വാഹനങ്ങളും കേന്ദ്രങ്ങളും തകർക്കാനും സൈന്യത്തിന് സാധിച്ചതായി അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സിലൂടെ’ വ്യക്താമാക്കി.
ഇതിന് പുറമെ സഖ്യസേനയുടെ യുദ്ധവിമാനങ്ങൾ വ്യാഴാഴ്ച റൈമ പ്രവിശ്യയിലെ കസ്മ, സനായിലെ ബാനി മതാർ, ഇബ്ബ് പ്രവിശ്യയിലെ അൽ-സയാനി, യരീം, കൂടാതെ ഹുദൈദ വിമാനത്താവളം എന്നിവിടങ്ങളിലെ ഹൂത്തി കേന്ദ്രങ്ങളിൽ കനത്ത ബോംബാക്രമണം നടത്തി. തുടർച്ചയായ ആക്രമണങ്ങളിൽ ഹൂത്തികൾക്ക് കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. സനായിക്ക് പടിഞ്ഞാറുള്ള ബാനി മതാർ ജില്ലയിൽ പ്രമുഖ കമാൻഡർമാർ ഉൾപ്പെടെ കൊല്ലപ്പെട്ട 40 ഹൂത്തി ഭീകരരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച സംസ്കരിച്ചതായി യമനി പ്രാദേശിക പ്രവർത്തകരും സ്ഥിരീകരിച്ചിട്ടുണ്ട്.
