റിയാദ്: ടൂറിസം നിയമം ലംഘിച്ചതിനെ തുടർന്ന് സൗദി ടൂറിസം മന്ത്രാലയം ഏഴ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ബ്ലോക്ക് ചെയ്തു. ആഭ്യന്തര ഉംറ പാക്കേജുകളും വിനോദസഞ്ചാര സേവനങ്ങളും ആവശ്യമായ നിയമാനുസൃത അനുമതികളില്ലാതെ നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വിനോദസഞ്ചാരികളുടെയും ഉംറ തീർഥാടകരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വ്യാജ സേവനങ്ങളും നിലവാരമില്ലാത്ത ടൂറിസം പ്രവർത്തനങ്ങളും തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പ്ലാറ്റ്ഫോമുകൾ ബ്ലോക്ക് ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു.
ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള വിവിധ ടൂറിസം മേഖലകളിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രാലയ വക്താവ് നസർ അൽ അൻസാരി വ്യക്തമാക്കി.
ലൈസൻസുള്ള പ്ലാറ്റ്ഫോമുകളും ട്രാവൽ–ടൂറിസം ഓഫീസുകളും മാത്രം ഉപയോഗിക്കണമെന്ന് വിനോദസഞ്ചാരികളോടും ഉംറ തീർഥാടകരോടും മന്ത്രാലയം നിർദേശിച്ചു.
