ജിദ്ദ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ലെ പാസ്പോർട്ട് നിയന്ത്രണ കൗണ്ടറുകളുടെ സജ്ജീകരണം പാസ്പോർട്ട് ഡയറക്ടറേറ്റിന്റെ ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. സാലിഹ് അൽ-മുറബ്ബ ബുധനാഴ്ച പരിശോധിച്ചു.
ടെർമിനൽ 4 ഘട്ടംഘട്ടമായി പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനും നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും നടപ്പാക്കിയ ഡിജിറ്റൽ സംവിധാനങ്ങളും അദ്ദേഹം വിലയിരുത്തി.
മനുഷ്യവിഭവങ്ങളും സാങ്കേതിക സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ചുമതലകൾ കൃത്യതയോടെയും മികവോടെയും നിർവഹിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
