അദൻ: ഹൂതി നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സൻആ തിരിച്ചുപിടിക്കാനുള്ള “തന്ത്രപ്രധാന സൈനിക നീക്കം” ആരംഭിച്ചതായി അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാരിന്റെ സൈന്യം അറിയിച്ചു.
തായിസ് ഗവർണറേറ്റിന്റെ പടിഞ്ഞാറൻ മേഖലയിലെ ധുബാബ് ജില്ലയും ബാബ് അൽമന്ദബ് കടലിടുക്കിന് സമീപമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളും സർക്കാർ സേന തിരിച്ചുപിടിച്ചതായി സർക്കാർ വാർത്താ ഏജൻസിയായ സബ റിപ്പോർട്ട് ചെയ്തു. ഹൂതി കേന്ദ്രങ്ങൾക്കും നീക്കങ്ങൾക്കും നേരെ വ്യോമപിന്തുണയോടെയാണ് സൈനിക നടപടി നടത്തിയതെന്നാണ് റിപ്പോർട്ട്.
ധുബാബ് വിമാനത്താവളം സർക്കാർ സേനയുടെ നിയന്ത്രണത്തിലായെന്നും ധുബാബിനും മോഖയ്ക്കുമിടയിലെ റോഡ് നിയന്ത്രണത്തിലാക്കിയെന്നും യെമൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മാജിദ് അൽ നുസൈലി അറിയിച്ചു. ബാബ് അൽമന്ദബ് മേഖലയിലെ വിതരണ പാതകളും തന്ത്രപ്രധാന റോഡുകളും വിച്ഛേദിച്ചതായും അദ്ദേഹം പറഞ്ഞു.
ധുബാബിൽ കുടുങ്ങിയ നൂറുകണക്കിന് ഹൂതി അംഗങ്ങളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടതായും ചില ഹൂതി പോരാളികൾ ബോട്ടുകളിൽ കടന്നുകളഞ്ഞതായും സൈനിക വക്താവ് അവകാശപ്പെട്ടു. ഏറ്റുമുട്ടലിൽ ഹൂതി പോരാളികൾക്ക് ആളപായമുണ്ടായെന്നും സൈനിക ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സബ റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും യെമൻ സർക്കാർ സേനയ്ക്ക് വ്യോമപിന്തുണ നൽകുന്നുണ്ടെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഏകദേശം 100 യുദ്ധവിമാനങ്ങൾ സൈനിക നടപടിക്ക് പിന്തുണ നൽകുന്നതായി അദ്ദേഹം പറഞ്ഞു.
2014ൽ ഹൂതികൾ സൻആ പിടിച്ചെടുത്തതോടെയാണ് യെമൻ യുദ്ധം രൂക്ഷമായത്. കഴിഞ്ഞ സെപ്റ്റംബറിൽ ഹൂതികൾ പടിഞ്ഞാറൻ യെമനിലെ ചില പ്രദേശങ്ങളും മോഖ തുറമുഖവും ബാബ് അൽമന്ദബ് മേഖലയിലെ തന്ത്രപ്രധാന ദ്വീപുകളും പിടിച്ചെടുത്തിരുന്നു. ഹൂതി നിയന്ത്രണത്തിലുള്ള ശേഷിക്കുന്ന പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൈനിക നടപടികൾ ആരംഭിച്ചതായി യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ റഷാദ് അൽ അലിമിയും ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
