റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ 2025ൽ വിദേശത്തേക്ക് അയച്ച പണം റെക്കോർഡ് 161 ബില്യൺ ഡോളറായി. 2024നെ അപേക്ഷിച്ച് 13.6 ശതമാനമാണ് വർധന. ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്ററിന്റെ ‘Remittances from GCC Countries Abroad, 2025’ റിപ്പോർട്ടിലാണ് കണക്കുകൾ.
2024ലെ കണക്കിനെക്കാൾ ഏകദേശം 19 ബില്യൺ ഡോളറിന്റെ വർധനയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. 2023ലെ ഇടിവിന് ശേഷം തുടർച്ചയായ രണ്ടാം വർഷമാണ് പ്രവാസി പണമയയ്ക്കൽ ഉയരുന്നത്.
ജിസിസിയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (GDP) 6.6 ശതമാനമായി പ്രവാസി പണമയയ്ക്കലിന്റെ അനുപാതം 2025ൽ ഉയർന്നു. 2024ൽ ഇത് 6 ശതമാനമായിരുന്നു.
അതേസമയം, അമേരിക്കയിൽ നിന്നുള്ള പ്രവാസി പണമയയ്ക്കൽ ഏകദേശം 107 ബില്യൺ ഡോളറും സ്വിറ്റ്സർലൻഡിൽ നിന്ന് 43 ബില്യൺ ഡോളറും ജർമനിയിൽ നിന്ന് 27 ബില്യൺ ഡോളറും ഫ്രാൻസിൽ നിന്ന് 21 ബില്യൺ ഡോളറുമായിരുന്നു.
പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിച്ചതും അടിസ്ഥാന സൗകര്യ വികസനം, സേവനം, വ്യവസായം, എണ്ണയിതര മേഖലകൾ എന്നിവയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ വ്യാപിച്ചതുമാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമയയ്ക്കൽ ഉയരാൻ പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വീകർത്തൃ രാജ്യങ്ങളിലെ കുടുംബവരുമാനം, ഉപഭോഗം, സാമ്പത്തിക-സാമൂഹിക സ്ഥിരത എന്നിവയ്ക്ക് ഈ പണമൊഴുക്ക് വലിയ പിന്തുണ നൽകുന്നതായും റിപ്പോർട്ട് വ്യക്തമാക്കി.
