റിയാദ്: ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും സർക്കാർ സ്ഥാപനങ്ങളും തിരിച്ചുപിടിക്കാൻ യെമൻ സർക്കാർ സേന നടത്തുന്ന ‘ഓപ്പറേഷൻ ഡോൺ ഓഫ് യെമൻ’ സൈനിക നടപടിക്ക് പിന്തുണയുമായി 100 യുദ്ധവിമാനങ്ങൾ പങ്കെടുത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു.
സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്. സൈനിക നടപടി ആരംഭിച്ചതിന് ശേഷം 324 തന്ത്രപ്രധാന ലക്ഷ്യങ്ങൾ നശിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. യെമൻ സേനയ്ക്ക് 24 മണിക്കൂറും വ്യോമപിന്തുണ നൽകുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെങ്കടലിനെയും ഏഡൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബ് അൽമന്ദബ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സഖ്യസേന വ്യോമനീക്കം നടത്തുന്നുണ്ട്. സഞ്ചരിക്കുന്ന ലക്ഷ്യങ്ങൾക്കെതിരായ നടപടികളും തുടരുന്നതായി അൽ മാലിക്കി അറിയിച്ചു.
യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ റഷാദ് അൽ അലിമി രാജ്യത്തെ ഹൂതി നിയന്ത്രണത്തിലുള്ള ശേഷിക്കുന്ന പ്രദേശങ്ങൾ തിരിച്ചുപിടിക്കാനും സർക്കാർ സ്ഥാപനങ്ങളുടെ നിയന്ത്രണം പുനഃസ്ഥാപിക്കാനുമായി സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഖ്യസേനയുടെ പിന്തുണ ശക്തമാക്കിയത്.
സൻആ തിരിച്ചുപിടിക്കുകയും സർക്കാർ സ്ഥാപനങ്ങൾ പുനഃസ്ഥാപിക്കുകയും ഹൂതി നിയന്ത്രണം അവസാനിപ്പിക്കുകയും ചെയ്യുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് അൽ അലിമി വ്യക്തമാക്കി.
യെമൻ സർക്കാർ സേനയ്ക്ക് “പൂർണ പ്രവർത്തന പിന്തുണ” തുടരുമെന്ന് സഖ്യസേനയുടെ ജോയിന്റ് ഫോഴ്സ് കമാൻഡും നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദിയുടെ സുരക്ഷയ്ക്കും മേഖലാ-അന്തർദേശീയ സുരക്ഷയ്ക്കും ഭീഷണിയായ ഹൂതി ആക്രമണങ്ങളും തെക്കൻ ചെങ്കടലിലും ബാബ് അൽമന്ദബിലും കപ്പൽഗതാഗതത്തിന് നേരെയുള്ള ഭീഷണികളും ചൂണ്ടിക്കാട്ടിയാണ് സഖ്യസേന നിലപാട് വ്യക്തമാക്കിയത്.
ബാബ് അൽമന്ദബ് കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയും നിലവിലെ സൈനിക നീക്കത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. അതേസമയം, തായിസ് മേഖലയിൽ സർക്കാർ സേനയും ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടലും ശക്തമായിട്ടുണ്ട്.
