റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ യുഎസ് സെനറ്റർ ക്രിസ് മർഫിയുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി.
യുഎസ് സെനറ്റ് വിദേശകാര്യ, വിനിയോഗ സമിതികളിലെ അംഗമായ ക്രിസ് മർഫിയും സംഘവുമാണ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയത്. സൗദി–അമേരിക്ക സൗഹൃദ ബന്ധവും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സംബന്ധിച്ച് ഇരുവരും അഭിപ്രായങ്ങൾ കൈമാറി.
പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
യുഎസിലെ സൗദി അംബാസഡർ പ്രിൻസസ് റീമ ബിൻത് ബന്ദർ, വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് അൽ ഐബാൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കണക്ടിക്കട്ട് സംസ്ഥാനത്തെ ഡെമോക്രാറ്റിക് പാർട്ടി സെനറ്ററാണ് ക്രിസ് മർഫി.
