ന്യൂയോർക്ക്: ചില നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനകം തുറക്കാമെന്നും അമേരിക്കയുമായുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കാമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി.
അമേരിക്കൻ ഉപരോധം പിൻവലിക്കുന്നതിന് പകരമായി ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്ന ഘട്ടംഘട്ടമായ ധാരണയാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്നതെന്ന് ചർച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മരവിപ്പിച്ച ഇറാൻ ആസ്തികൾക്ക് പ്രവേശനം നൽകുന്നതും ധാരണയുടെ ഭാഗമാകാമെന്നാണ് സൂചന.
ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. സംഘർഷം കുറയ്ക്കുന്നതിനും ചർച്ചകൾക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതിനുമുള്ള നടപടികൾ ഇരുവരും വിലയിരുത്തി.
അതേസമയം, ഹോർമുസിന്റെ നിയന്ത്രണം ഇറാന് വിട്ടുകൊടുക്കാനാകില്ലെന്നും കപ്പൽ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും ഗൾഫ് രാജ്യങ്ങൾ നിലപാട് വ്യക്തമാക്കി. എന്നാൽ അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് ഒഴിവാക്കാനും നയതന്ത്രപരമായ പരിഹാരം കണ്ടെത്താനും ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്.
നിലവിലെ ചർച്ചകളിൽ പ്രധാന തടസ്സം ഇരുപക്ഷവും തങ്ങളുടെ സമ്മർദശേഷി ആദ്യം ഉപേക്ഷിക്കാൻ തയ്യാറാകാത്തതാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം, അമേരിക്കൻ ഉപരോധം, ഇറാന്റെ ആണവ ചർച്ചകൾ എന്നിവയാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.
