റിയാദ്: 2026ലെ ആദ്യ ഒൻപത് മാസത്തിനിടെ സൗദി വാണിജ്യ മന്ത്രാലയം രാജ്യത്തുടനീളം 3.83 ലക്ഷം പരിശോധനാ സന്ദർശനങ്ങൾ നടത്തി. ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 4.43 ലക്ഷം പരാതികളും റിപ്പോർട്ടുകളും കൈകാര്യം ചെയ്തതായി മന്ത്രാലയം അറിയിച്ചു.
നിയന്ത്രണ, നിയമനടപടി പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗം കൂടുതൽ വ്യാപിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ പരാതികൾ വിശകലനം ചെയ്യുന്നതിനും പരിശോധനാ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതിനും എഐ ഉപയോഗിച്ചുതുടങ്ങി.
സെപ്റ്റംബർ വരെ 58 തിരിച്ചുവിളിക്കൽ (Recall) ക്യാമ്പയിനുകളിലൂടെ 2,22,410 വാഹനങ്ങളും 8,508 മറ്റ് ഉൽപന്നങ്ങളും വിപണിയിൽനിന്ന് തിരിച്ചുവിളിച്ചു.
വിലയേറിയ ലോഹങ്ങളും രത്നങ്ങളും ഉൾപ്പെടുന്ന മേഖലയിൽ റിസ്ക് അടിസ്ഥാനമാക്കിയുള്ള പരിശോധനാ സംവിധാനം കൂടുതൽ ശക്തമാക്കിയതായും മന്ത്രാലയം അറിയിച്ചു.
വാണിജ്യ മറച്ചുവെക്കൽ (Commercial Concealment) തടയുന്നതിനായി 13 സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സെപ്റ്റംബർ വരെ 34,000ത്തിലധികം പരിശോധനകൾ നടത്തി. ഇതിന്റെ ഭാഗമായി 1,066 പ്രാഥമിക സംശയകേസുകളും വിപണി നിയമലംഘനവുമായി ബന്ധപ്പെട്ട 77 കേസുകളും കണ്ടെത്തി.
വാണിജ്യ മറച്ചുവെക്കൽ കണ്ടെത്തുന്നതിനുള്ള സൂചിക വികസിപ്പിക്കാനും ദേശീയ വാണിജ്യ മറച്ചുവെക്കൽ വിരുദ്ധ പരിപാടി എഐ ഉപയോഗപ്പെടുത്തിത്തുടങ്ങി. സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനും പരിശോധനാ സംഘങ്ങളെ അതനുസരിച്ച് നിയോഗിക്കുന്നതിനുമായി ഇലക്ട്രോണിക് സംവിധാനവും വികസിപ്പിച്ചുവരികയാണ്.
വാണിജ്യ മറച്ചുവെക്കൽ വിരുദ്ധ നിയമം ലംഘിച്ചവരുടെ നിയമപരമായ സ്ഥിതി തിരുത്തുന്നതിനുള്ള നടപടിക്രമങ്ങളും ഇതിനിടെ പുറത്തിറക്കിയിട്ടുണ്ട്.
