ന്യൂയോർക്ക്: പലസ്തീൻ അതോറിറ്റിക്കും അതിന്റെ സ്ഥാപനങ്ങൾക്കും പിന്തുണ ആവർത്തിച്ച് സൗദി അറേബ്യ. അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും തടഞ്ഞുവെച്ചിരിക്കുന്ന പലസ്തീൻ ക്ലിയറൻസ് വരുമാനം പൂർണമായും ഉടൻ വിട്ടുനൽകണമെന്നും സൗദി ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന അഡ് ഹോക് ലൈസൺ കമ്മിറ്റി (AHLC) മന്ത്രിതല യോഗത്തിലാണ് സൗദി നിലപാട് വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനുവേണ്ടി മന്ത്രിയുടെ ചർച്ചകൾക്കും സമാധാനശ്രമങ്ങൾക്കുമുള്ള ഉപദേഷ്ടാവും പ്രത്യേക ദൂതയുമായ മനാൽ റദ്വാൻ സൗദിയുടെ പ്രസ്താവന അവതരിപ്പിച്ചു. നോർവേ അധ്യക്ഷനായ യോഗത്തിന് അമേരിക്കയും യൂറോപ്യൻ യൂണിയനും സഹആതിഥേയത്വം വഹിച്ചു.
സാമ്പത്തിക ബാധ്യതകൾ പലസ്തീൻ അതോറിറ്റിയുടെ പരിഷ്കരണ പ്രക്രിയയുമായി ബന്ധിപ്പിക്കരുതെന്ന് മനാൽ റദ്വാൻ വ്യക്തമാക്കി. അതോറിറ്റിയെയും അതിന്റെ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുന്നതിന് സൗദി നൽകുന്ന പിന്തുണ തുടരുമെന്നും അവർ പറഞ്ഞു.
മാനുഷിക സഹായം, പ്രാരംഭ പുനരധിവാസ പ്രവർത്തനങ്ങൾ, പുനർനിർമാണ ധനസഹായം എന്നിവ വ്യക്തമായ രാഷ്ട്രീയ ചട്ടക്കൂടിനുള്ളിൽ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി. പശ്ചിമ കരയും ഗാസയും തമ്മിലുള്ള ഏകത്വം സംരക്ഷിക്കുകയും ഗാസയിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പലസ്തീൻ അതോറിറ്റിയുടെ തിരിച്ചുവരവിന് പിന്തുണ നൽകുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു.
പശ്ചിമ കരയിലെ കുടിയേറ്റ വ്യാപനം, കുടിയേറ്റക്കാരുടെ അക്രമം, ഭാവി പലസ്തീൻ രാഷ്ട്രത്തിന്റെ ഭൂപ്രദേശിക തുടർച്ചയെയും സാമ്പത്തിക നിലനിൽപ്പിനെയും ദുർബലപ്പെടുത്തുന്ന നടപടികൾ എന്നിവ സാമ്പത്തിക സാഹചര്യത്തെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും റദ്വാൻ പറഞ്ഞു.
ഇത്തരം നടപടികൾ പലസ്തീൻ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും 1967ലെ അതിർത്തികളുടെ അടിസ്ഥാനത്തിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സാധ്യതകളെ ബാധിക്കുകയും ചെയ്യുന്നതായി അവർ വ്യക്തമാക്കി.
