റിയാദ്: സൗദി അറേബ്യയിൽ വിദേശിയെ വധിക്കുകയും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത കേസിൽ പാകിസ്താൻ സ്വദേശിയായ സുലൈമാൻ അംജദ് അംജദ് ഹുസൈന്റെ വധശിക്ഷ (തഅ്സീർ) നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി ആസൂത്രിതമായി വിദേശി പൗരനെ കൊലപ്പെടുത്തുക, നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെക്കുക, മറ്റ് ആക്രമണങ്ങൾക്ക് പദ്ധതിയിടുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്.
പ്രതിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണത്തിന് ശേഷം വിചാരണയ്ക്കായി പ്രത്യേക കോടതിയിലേക്ക് അയക്കുകയും ചെയ്തിരുന്നു.
പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്ന് വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചതോടെ ഇത് അന്തിമ വിധിയായി മാറുകയും വധശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ചൊവ്വാഴ്ച (2026 സെപ്റ്റംബർ 15 / 1448 റബീഉൽ ആഖിർ 4) അൽ ഖസീം (Al Qassim) പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും പൗരന്മാരുടെയും നിവാസികളുടെയും ജീവനും സംരക്ഷിക്കാൻ സൗദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശരീയത്ത് നിയമപ്രകാരമുള്ള കടുത്ത ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
