റിയാദ്: ജാസാൻ പ്രവിശ്യയിലും ജിദ്ദ, തായിഫ്, അൽ ഉല, യൻബു, അബഹ എന്നീ പ്രവിശ്യകളിലും നിലനിന്നിരുന്ന പ്രകൃതിദുരന്ത അല്ലെങ്കിൽ അടിയന്തര സാഹചര്യങ്ങളുടെ ഭീഷണി പൂർണ്ണമായും ഒഴിഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ചൊവ്വാഴ്ച (2026 സെപ്റ്റംബർ 15) പുലർച്ചെ അറിയിച്ചു. സാഹചര്യം സുരക്ഷിതമായെങ്കിലും പൊതുജനങ്ങളുടെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്നതിനായി സിവിൽ ഡിഫൻസ് പുറപ്പെടുവിക്കുന്ന ഔദ്യോഗിക നിർദ്ദേശങ്ങളും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും തുടർന്നും പാലിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഊന്നിപ്പറഞ്ഞു.
നേരത്തെ കനത്ത മഴ, കാറ്റ് തുടങ്ങിയ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി നാഷണൽ എമർജൻസി ഏർലി വാണിംഗ് പ്ലാറ്റ്ഫോം (National Emergency Early Warning Platform) വഴി ഈ മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ജനങ്ങൾ ഔദ്യോഗിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു. തുറസ്സായ സ്ഥലങ്ങളിൽ നിന്നും ചില്ല് ജാലകങ്ങളിൽ നിന്നും അകന്നുനിൽക്കുക, ബാൽക്കണികളിലോ കെട്ടിടങ്ങളുടെ മുകളിലോ നിൽക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ നൽകിയിരുന്നു. പുറത്തുള്ളവർ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുകയോ ശക്തമായ മറവുകൾക്ക് പിന്നിൽ അഭയം തേടുകയോ ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.
കൂടാതെ, അപകടകരമായ സ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതും ദൃശ്യങ്ങൾ പകർത്തുന്നതും ഒഴിവാക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഉറവിടമില്ലാത്ത വ്യാജ പ്രചാരണങ്ങളും വീഡിയോകളും പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക മാധ്യമ കാനലുകളെ മാത്രം ആശ്രയിക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.
