റിയാദ്: സൗദി വിഷൻ 2030 പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം 7,000ൽ നിന്ന് 15,000ത്തിലധികമായി ഉയർന്നതായി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് ചെയർമാൻ അബ്ദുല്ല സാലിഹ് കാമെൽ അറിയിച്ചു.
ജിദ്ദ സൂപ്പർഡോമിൽ തിങ്കളാഴ്ച ആരംഭിച്ച സൗദി ഇൻഡസ്ട്രി ഫോറം 2026ന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടന സെഷനിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ സാമ്പത്തിക മേഖലകളിലായാണ് വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചത്.
വിഷൻ 2030ന് മുമ്പ് ലൈസൻസ് അനുവദിച്ചിരുന്നില്ലാത്ത മേഖലകളിലും വലിയ വളർച്ചയുണ്ടായി. ഇതിൽ സൈനിക വ്യവസായ മേഖലയും ഉൾപ്പെടുന്നു. ഈ മേഖലയിൽ ലൈസൻസ് നേടിയ കമ്പനികളുടെ എണ്ണം ഇപ്പോൾ 347ൽ കൂടുതലാണ്.
വ്യവസായ മേഖലയിലെ ആഭ്യന്തര, വിദേശ നിക്ഷേപങ്ങൾ വർധിച്ചതായും കാമെൽ പറഞ്ഞു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ വ്യവസായ മേഖലയുടെ സംഭാവന 16 ശതമാനമായി ഉയർന്നു.
പെട്രോകെമിക്കൽസ്, യന്ത്രസാമഗ്രികൾ, സൈനിക വ്യവസായം, ഭക്ഷ്യ–ഫാർമസ്യൂട്ടിക്കൽ മേഖല, ടെക്സ്റ്റൈൽസ്, നിർമാണ സാമഗ്രികൾ തുടങ്ങിയ നിരവധി മേഖലകളിൽ സൗദി ആഗോള തലത്തിൽ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
സൗദി ഉൽപ്പന്നങ്ങൾ ആഗോള വിപണികളിൽ ശക്തമായ മത്സരശേഷി നേടിയിട്ടുണ്ട്. സൗഹൃദ രാജ്യങ്ങളിലെ ഇറക്കുമതിക്കാർ സൗദി ഉൽപ്പന്നങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ താൽപര്യം പ്രകടിപ്പിക്കുന്നതായും നോൺ-ഓയിൽ കയറ്റുമതിയിലെ വളർച്ച ഇതിന് തെളിവാണെന്നും കാമെൽ വ്യക്തമാക്കി.
അസംസ്കൃത വസ്തുക്കളുടെ ലഭ്യത, വ്യവസായ മേഖലയിലെ നിയമപരിഷ്കരണങ്ങൾ, സർക്കാർ പിന്തുണ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ആഗോള വിപണികളിലേക്കുള്ള സൗദിയുടെ സാമീപ്യം എന്നിവയാണ് വ്യവസായ വളർച്ചയ്ക്ക് പ്രധാനമായും സഹായിക്കുന്ന ഘടകങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സിന്റെ ലക്ഷ്യമെന്നും കാമെൽ വ്യക്തമാക്കി.
ഭാവിയിൽ ഉയർന്ന നിലവാരമുള്ള വ്യവസായങ്ങളെ സൗദിയിലേക്ക് ആകർഷിക്കുകയും രാജ്യത്ത് അവയുടെ പ്രാദേശികവൽക്കരണം ശക്തിപ്പെടുത്തുകയും വേണം. കൃത്രിമബുദ്ധി, നാലാം വ്യവസായ വിപ്ലവ സാങ്കേതികവിദ്യകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി നവീകരണവും വ്യവസായ വളർച്ചയും കൂടുതൽ ശക്തമാക്കുന്നതിലൂടെ ആഗോള സാമ്പത്തിക ഭൂപടത്തിലെ മുൻനിര വ്യവസായ ശക്തിയായി സൗദിയെ ഉയർത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
