റിയാദ്: റിയാദ്, മദീന മേഖലകളിലെ തന്ത്രപ്രധാനമായ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈൻ ഒന്നിലധികം തവണ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് മുൻകരുതൽ നടപടിയായി പൈപ്പ്ലൈൻ അടച്ചതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് ആക്രമണങ്ങൾ നടന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ബാധിതർക്ക് ആവശ്യമായ ചികിത്സ നൽകിയതായും മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
അടിയന്തര സേവന സംഘങ്ങളും പ്രത്യേക സാങ്കേതിക വിദഗ്ധ സംഘങ്ങളും ഉടൻ സ്ഥലത്തെത്തി. അംഗീകൃത സുരക്ഷാ നടപടിക്രമങ്ങളും അടിയന്തര പ്രതികരണ പദ്ധതികളും പാലിച്ച് പൈപ്പ്ലൈൻ സുരക്ഷിതമാക്കുന്നതിനും പ്രവർത്തനക്ഷമതയും സുരക്ഷയും വിലയിരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു. ബന്ധപ്പെട്ട അധികൃതരുമായി ഏകോപിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ യഥാസമയം പുറത്തുവിടുമെന്നും ഊർജ മന്ത്രാലയം അറിയിച്ചു.
ഹോർമുസ് കടലിടുക്കിന് പകരം നിർണായക പാത
അമേരിക്ക–ഇറാൻ യുദ്ധം ആരംഭിക്കുകയും ഹോർമുസ് കടലിടുക്ക് ഫലപ്രദമായി അടയുകയും ചെയ്ത സാഹചര്യത്തിൽ സൗദിയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയിൽ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
അറേബ്യൻ ഗൾഫ് മേഖലയിലെ ടെർമിനലുകളിൽ നിന്ന് കയറ്റുമതി ചെയ്യേണ്ടിയിരുന്ന പ്രതിദിനം ഏകദേശം 50 ലക്ഷം ബാരൽ എണ്ണ സൗദി ഈ പൈപ്പ്ലൈൻ വഴി ചെങ്കടൽ തീരത്തെ യൻബു തുറമുഖത്തേക്ക് തിരിച്ചുവിടുകയാണ്.
കിഴക്കൻ സൗദിയിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ ചെങ്കടലിലെ കയറ്റുമതി കേന്ദ്രങ്ങളിലെത്തിക്കാൻ സഹായിക്കുന്ന ഈ പൈപ്പ്ലൈൻ, ഹോർമുസ് കടലിടുക്കിന് സൗദിക്ക് നൽകുന്ന പ്രധാന തന്ത്രപ്രധാനമായ ബദൽ മാർഗമാണ്.
