ബാഗ്ദാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണങ്ങൾ തെക്കൻ ഇറാഖിലെ മൈസാൻ പ്രവിശ്യയിലെ ഒരു കേന്ദ്രത്തിൽ നിന്നാണ് ആരംഭിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൈസാൻ ഓപ്പറേഷൻസ് കമാൻഡിന്റെ മേധാവിയെ സ്ഥാനത്ത് നിന്ന് നീക്കാൻ ഇറാഖ് പ്രധാനമന്ത്രിയും സായുധസേനാ കമാൻഡർ-ഇൻ-ചീഫുമായ അലി അൽസൈദി ഉത്തരവിട്ടു.
സംഭവത്തിൽ മൈസാൻ ഓപ്പറേഷൻസ് കമാൻഡിനെതിരെ അന്വേഷണ കൗൺസിൽ രൂപീകരിക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. ഇറാഖ് സായുധസേനാ കമാൻഡർ-ഇൻ-ചീഫിന്റെ വക്താവ് സബാഹ് അൽനുമാൻ ആണ് ഇക്കാര്യം അറിയിച്ചത്.
സൗദിക്കെതിരായ ആക്രമണങ്ങളെ ഇറാഖ് സർക്കാർ ശക്തമായി അപലപിക്കുകയും ഉത്തരവാദികളെ കണ്ടെത്താൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏതൊരു ആക്രമണവും അംഗീകരിക്കില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധങ്ങൾക്ക് തകരാറുണ്ടാക്കുന്ന നടപടികൾ അനുവദിക്കില്ലെന്നും ഇറാഖ് വ്യക്തമാക്കി.
ആക്രമണങ്ങളുടെ സാഹചര്യങ്ങളും അതിന് പിന്നിലുള്ളവരെയും കണ്ടെത്താൻ അടിയന്തര അന്വേഷണം നടത്താനും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും അൽസൈദി നിർദേശിച്ചു.
ഇറാഖിന്റെ മണ്ണും വ്യോമപരിധിയും ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താനുള്ള വേദിയായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ഇതിനിടെ, റിയാദ്, മദീന മേഖലകളിലെ സൗദിയുടെ തന്ത്രപ്രധാനമായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ ഇറാഖിൽ നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ ആക്രമിച്ചതായി സൗദി നേരത്തെ അറിയിച്ചിരുന്നു. ആക്രമണത്തിൽ ആളുകൾക്ക് പരിക്കേൽക്കുകയും പൈപ്പ്ലൈനിന് നാശനഷ്ടമുണ്ടാകുകയും ചെയ്തു.
ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചെങ്കിലും, ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർഥന പരിഗണിച്ച് തൽക്കാലം തിരിച്ചടി നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇറാഖി പ്രദേശത്തുനിന്നും സൗദിക്കും അയൽരാജ്യങ്ങൾക്കുമെതിരായ ആക്രമണങ്ങൾ തടയാൻ ബാഗ്ദാദിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സമയം അനുവദിക്കണമെന്നായിരുന്നു അഭ്യർഥന.
ഇറാഖ് സർക്കാരിന്റെ നടപടികൾക്ക് പിന്തുണ നൽകുമെന്ന് സൗദി വ്യക്തമാക്കി. അതേസമയം രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥാപനങ്ങൾ, പൗരന്മാർ, താമസക്കാർ എന്നിവരെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം നിലനിൽക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകി.
ആക്രമണങ്ങൾക്ക് പിന്നാലെ മുൻകരുതൽ നടപടിയായി ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ അടച്ചതായി സൗദി ഊർജ മന്ത്രാലയവും അറിയിച്ചിരുന്നു. പൈപ്പ്ലൈൻ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി അടിയന്തര സേവന സംഘങ്ങളും പ്രത്യേക സാങ്കേതിക സംഘങ്ങളും സ്ഥലത്ത് വിന്യസിച്ചിരുന്നു.
