റിയാദ്: സൗദി അറേബ്യയിലെ പൊതുനിരത്തുകളിലൂടെ സർവീസ് നടത്തുന്ന ട്രക്കുകളുടെയും ഹെവി മെഷിനറികളുടെയും ഡ്രൈവർമാർക്കായി സൗദി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് (ഇദ അറത് അൽ മുറൂർ) 6 കടുത്ത സുരക്ഷാ നിബന്ധനകൾ പുറപ്പെടുവിച്ചു. മൾട്ടി-ലൈൻ റോഡുകളിൽ എപ്പോഴും വലതുവശത്തെ ട്രാക്ക് മാത്രം ഉപയോഗിക്കുക, നഗരങ്ങളിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള സമയക്രമങ്ങൾ പാലിക്കുക, ചരക്കുകൾ റോഡിലേക്ക് വീഴാത്തവിധം സുരക്ഷിതമായി മൂടുകയും കെട്ടിയിടുകയും ചെയ്യുക എന്നിവയാണ് ആദ്യ മൂന്ന് നിർദ്ദേശങ്ങൾ.
ചരക്ക് ട്രക്കുകളിൽ യാത്രക്കാരെ കയറ്റാതിരിക്കുക, രാത്രികാലങ്ങളിൽ വാഹനം നിർത്തേണ്ടി വരുമ്പോൾ മതിയായ അകലത്തിൽ അപകട മുന്നറിയിപ്പ് നൽകുന്ന ട്രയാംഗിൾ റിഫ്ലക്ടറുകൾ സ്ഥാപിക്കുക, അനുവദനീയമായ ഭാരത്തിലും അളവിലും കൂടുതൽ ചരക്കുകൾ കയറ്റാതിരിക്കുക എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ഡ്രൈവർമാർ ഈ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് റോഡപകടങ്ങൾ തടയുന്നതിനുള്ള ആദ്യ ഘട്ടമാണെന്നും, രാജ്യത്തെ പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് പരിശോധനകൾ ശക്തമായി തുടരുമെന്നും ട്രാഫിക് വിഭാഗം കൂട്ടിച്ചേർത്തു.
