റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ താമസ സൗകര്യം ഉറപ്പാക്കുന്നതിനായി നഗരസഭാ-ഭവന മന്ത്രാലയം 1,360 കൂട്ടത്താമസ (Collective Housing) ലൈസൻസുകൾ അനുവദിച്ചു. രാജ്യത്തെ ഏകദേശം 10 ലക്ഷം വിദേശ തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കൂട്ടത്താമസ മേഖലയുടെ നിലവാരം ഉയർത്തുന്നതിനായി നടപ്പാക്കിയ പുതിയ നിയന്ത്രണ ചട്ടക്കൂടിന്റെ ഭാഗമായാണ് ലൈസൻസുകൾ അനുവദിച്ചത്. ഏകീകൃത നഗരസഭാ, സാങ്കേതിക, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കൂട്ടത്താമസ സേവനദാതാക്കൾ ബാധ്യസ്ഥരായിരിക്കും.
20 തൊഴിലാളികളോ അതിലധികമോ ഉള്ള വാണിജ്യ സ്ഥാപനങ്ങളുടെ ഉടമകൾ തൊഴിലാളികൾക്കായി ലൈസൻസുള്ള കൂട്ടത്താമസ സൗകര്യം ഒരുക്കണം. അല്ലെങ്കിൽ, അംഗീകൃതവും നിയമാനുസൃതവുമായ മറ്റൊരു താമസ കേന്ദ്രത്തിൽ തൊഴിലാളികൾക്ക് സൗകര്യം ഏർപ്പെടുത്തണം.
പുതിയ ചട്ടക്കൂടിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 2025ൽ ദേശീയ കൂട്ടത്താമസ വികസന പദ്ധതി ആരംഭിച്ചിരുന്നു. തൊഴിലാളികളുടെ താമസ സൗകര്യങ്ങളുടെ നിലവാരം ഉയർത്തുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സൗദി വിഷൻ 2030ന്റെ ഭാഗമായ ക്വാളിറ്റി ഓഫ് ലൈഫ് പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സഹായിക്കും.
പദ്ധതിയിൽ 10 സർക്കാർ സ്ഥാപനങ്ങൾ അംഗങ്ങളാണ്. നഗരസഭാ, സാങ്കേതിക, ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ലൈസൻസുള്ള സ്ഥാപനങ്ങളിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ സ്ഥാപനങ്ങൾ സംയുക്തമായി പരിശോധനകളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും.
നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ നിയന്ത്രണ നടപടികളും സ്വീകരിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ആരോഗ്യവും സുരക്ഷയും മാന്യതയും ഉറപ്പാക്കുന്നതിനുമുള്ള സൗദിയുടെ പ്രതിബദ്ധതയാണ് പുതിയ ചട്ടക്കൂട് വ്യക്തമാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
