റിയാദ്: കിംഗ് സൽമാൻ റോയൽ റിസർവിൽ ലൈസൻസില്ലാതെ വന്യമൃഗങ്ങളെ വേട്ടയാടിയ നാല് സൗദി പൗരന്മാരെ പരിസ്ഥിതി സുരക്ഷാ പ്രത്യേക സേന അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരിൽ നിന്ന് രണ്ട് എയർ റൈഫിളുകളും വേട്ടയാടിയ 15 വന്യമൃഗങ്ങളെയും പിടിച്ചെടുത്തു. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
വന്യമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിക്കുന്ന പരിസ്ഥിതി ചട്ടങ്ങളും അവയുടെ എക്സിക്യൂട്ടീവ് ബൈലോകളും കർശനമായി പാലിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ പ്രത്യേക സേന അറിയിച്ചു.
ലൈസൻസില്ലാതെ വേട്ടയാടിയാൽ 10,000 റിയാൽ പിഴ ചുമത്തും. നിരോധിത മേഖലകളിൽ വേട്ടയാടുന്നതിന് 5,000 റിയാൽ പിഴയും ലൈസൻസില്ലാതെ കോമൺ വാർബ്ലർ പക്ഷിയെ വേട്ടയാടുന്നതിനും 5,000 റിയാൽ പിഴയും ഈടാക്കും.
പരിസ്ഥിതി നിയമലംഘനങ്ങളോ വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട അതിക്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ അധികൃതരെ അറിയിക്കണമെന്നും സേന അഭ്യർത്ഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും വിവരങ്ങൾ കൈമാറാം.
ലഭിക്കുന്ന വിവരങ്ങൾ പൂർണ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്നും വിവരം നൽകുന്നവർക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
