റിയാദ്: ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ യെമൻ സായുധ സേനയ്ക്ക് പൂർണ പ്രവർത്തന പിന്തുണ തുടരുമെന്ന് യെമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
ഹൂതി നിയന്ത്രണം അവസാനിപ്പിച്ച് യെമൻ ഭരണകൂടത്തെയും ദേശീയ സ്ഥാപനങ്ങളെയും പുനഃസ്ഥാപിക്കുന്നതിനായി യെമൻ സർക്കാരിനും ജനങ്ങൾക്കുമൊപ്പം നിലകൊള്ളുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യെമൻ ജനങ്ങൾക്കെതിരായ ഹൂതികളുടെ ആക്രമണങ്ങൾ, ആഭ്യന്തര ഉപരോധം, നിർബന്ധിത കുടിയൊഴിപ്പിക്കൽ, വിഭവങ്ങളുടെ ദുരുപയോഗം, കുട്ടികളെ സായുധ സംഘങ്ങളിൽ ചേർക്കൽ തുടങ്ങിയ നടപടികൾ രാജ്യത്ത് ദീർഘകാല ദുരിതത്തിന് കാരണമായതായി അൽ മാലിക്കി ആരോപിച്ചു.
സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളും മക്ക, മദീന ഉൾപ്പെടെയുള്ള നഗരങ്ങളെ ലക്ഷ്യമിടാനുള്ള ശ്രമങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. റിയാദ്, അബഹ, ഖമീസ് മുഷൈത്, ജിസാൻ, നജ്റാൻ, തായിഫ്, യാൻബു തുടങ്ങിയ നഗരങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും തെക്കൻ ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും കപ്പലുകൾക്കെതിരായ ഭീഷണിയും മേഖലാ-അന്തർദേശീയ സുരക്ഷയ്ക്ക് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
സൗദിയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും രണ്ട് വിശുദ്ധ മസ്ജിദുകൾ, പൗരന്മാർ, ദേശീയ ആസ്തികൾ, രാജ്യത്തെ താമസക്കാർ എന്നിവരെ സംരക്ഷിക്കുന്നതിനുമുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം സൗദിക്കുണ്ടെന്നും അൽ മാലിക്കി വ്യക്തമാക്കി.
തെക്കൻ ചെങ്കടലിലെയും ബാബ് അൽ മന്ദബിലെയും കപ്പൽഗതാഗതത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനും ഹൂതി ഭീഷണി തടസ്സമാകുന്നതായും ഇത് ആഗോള സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
