റിയാദ്: സൗദി അറേബ്യയുടെ എണ്ണകേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാഖിലെ ഇറാൻ പിന്തുണയുള്ള മിലിഷ്യ കേന്ദ്രങ്ങൾക്ക് നേരെ സൗദി സായുധ സേന തിരിച്ചടി നൽകി. യു.എസ് സെൻട്രൽ കമാൻഡുമായി (CENTCOM) സഹകരിച്ച് ബുധനാഴ്ച കൃത്യതയാർന്ന തിരിച്ചടിയാണ് (Precision Strikes) നൽകിയതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഈസ്റ്റേൺ പ്രൊവിൻസിലെയും റിയാദ് മേഖലയിലെയും എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണശ്രമങ്ങൾ സൗദി വ്യോമസേന വിജയകരമായി തടുക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. ഇറാഖ് അതിർത്തിയിൽ നിന്നാണ് ഇറാൻ പിന്തുണയുള്ള ഭീകര മിലിഷ്യകൾ ഈ ആക്രമണങ്ങൾ നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന് ലഭിക്കുന്ന സ്വയംപ്രതിരോധത്തിനുള്ള അവകാശം (Right to Self-defense) ഉപയോഗിച്ചാണ് ഈ സൈനിക നടപടി സ്വീകരിച്ചതെന്നും, സൗദിയുടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തിയ മിലിഷ്യ കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും അൽ മാലിക്കി അറിയിച്ചു.
തങ്ങളുടെ ജനങ്ങളെയും ദേശീയ ശേഷിയെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാൻ സൗദി അറേബ്യയ്ക്ക് പൂർണ്ണ അവകാശമുണ്ടെന്നും, സൗകര്യപ്രദമായ സമയത്തും സ്ഥലത്തും തിരിച്ചടി നൽകാനുള്ള അവകാശം രാജ്യം നിലനിർത്തുന്നുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. സൗദി അറേബ്യ സംഘർഷങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും തക്കതായ മറുപടി നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന:
ഇറാഖിലെ ഇറാൻ പിന്തുണയുള്ള മിലിഷ്യകൾ തുടർച്ചയായി നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ തുടർന്നാണ് ഈ തിരിച്ചടിയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വെവ്വേറെ പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം അക്രമങ്ങൾ തുടർന്നാൽ തിരിച്ചടിക്കുമെന്ന് സൗദി മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്ന കാര്യവും മന്ത്രാലയം ഓർമ്മിപ്പിച്ചു.
മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കാനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനും സൗദി അറേബ്യ അന്താരാഷ്ട്ര തലത്തിൽ പരിശ്രമിക്കുന്നതിനിടയിലാണ് ഈ ആക്രമണങ്ങൾ നടന്നത്. ഇറാൻ പിന്തുണയുള്ള മിലിഷ്യകൾ അന്താരാഷ്ട്ര നിയമങ്ങളും അയൽപക്ക ബന്ധങ്ങളും ലംഘിച്ച് “ഉത്തരവാദിത്തമില്ലാത്ത സംഘർഷ പാത” തെരഞ്ഞെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
സൗദിയുടെ പരമാധികാരവും പൗരന്മാരെയും ദേശീയ ആസ്തികളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
