ദുബായ് -അറ്റകുറ്റപ്പണികൾക്കായി ആറു മാസം അടച്ചിട്ട പാം മോണോറെയിൽ സർവീസുകൾ പുനരാരംഭിച്ചതോടെ പാം ജുമൈറയിലുടനീളമുള്ള പ്രധാന പൊതുഗതാഗത ബന്ധം പുനഃസ്ഥാപിച്ചു. ഞങ്ങൾ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തി, പാം മോണോറെയിൽ തുറന്നിരിക്കുന്നു, പാം ജുമൈറയിലൂടെ യാത്ര ആസ്വദിക്കൂ എന്ന് പറഞ്ഞുകൊണ്ട് പാം മോണോറെയിൽ സർവീസ് പുനരാരംഭിച്ചതായി സോഷ്യൽ മീഡിയയിലൂടെ ഓപ്പറേറ്റർ സ്ഥിരീകരിച്ചു.
ഷെഡ്യൂൾ ചെയ്ത സ്റ്റേഷൻ അറ്റകുറ്റപ്പണികൾക്കായി ജനുവരിയിൽ പാം മോണോറെയിൽ സർവീസ് നിർത്തിവെക്കുകയായിരുന്നു. അടച്ചിട്ട സമയത്ത് താമസക്കാരും സന്ദർശകരും ടാക്സികളും മറ്റ് ഗതാഗത ഓപ്ഷനുകളും ഉപയോഗിക്കണമെന്ന് ബന്ധപ്പെട്ടവർ നിർദ്ദേശിച്ചു. തൂണുകളിലൂടെയുള്ള പാം മോണോറെയിൽ പാത പാം ജുമൈറയിലേക്കുള്ള പ്രവേശന കവാടത്തിലെ ഗേറ്റേ സ്റ്റേഷനിൽ നിന്ന് അറ്റ്ലാന്റിസ് അക്വാവെഞ്ചറിലേക്ക് 5.5 കിലോമീറ്റർ നീളുന്നു. ഗോൾഡൻ മൈൽ ഗാലേറിയ, അൽഇത്തിഹാദ് പാർക്ക്, പാം ജുമൈറ മാൾ എന്നിവക്കും മോണോറെയിൽ സേവനം നൽകുന്നു
ഇത് യാത്രക്കാർക്ക് ദ്വീപിലെ പ്രധാന ഹോട്ടലുകൾ, ആകർഷണങ്ങൾ, റെസിഡൻഷ്യൽ ഏരിയകൾ എന്നിവയിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്നു. ഒരു പൂർണ്ണ യാത്രക്ക് ഏകദേശം ഒമ്പത് മിനിറ്റ് എടുക്കും. തുടർച്ചയായ സ്റ്റോപ്പുകൾക്കിടയിലുള്ള യാത്രക്ക് ഏകദേശം മൂന്ന് മിനിറ്റാണ് എടുക്കുക.
വൺവേ യാത്രക്ക് ഒരാൾക്ക് 10 ദിർഹം ആണ് ടിക്കറ്റ് നിരക്ക്.
റിട്ടേൺ ടിക്കറ്റിന് 15 ദിർഹം ആണ് നിരക്ക്. കുടുംബ യാത്രാ പാസുകളും അൺലിമിറ്റഡ് യാത്രാ പാസുകളും ലഭ്യമാണ്. ടിക്കറ്റുകൾ ഓൺലൈനായോ മോണോറെയിലിന്റെ ഔദ്യോഗിക ബുക്കിംഗ് ചാനലുകൾ വഴിയോ വാങ്ങാവുന്നതാണ്. ആദ്യ ട്രെയിൻ ഗേറ്റേ സ്റ്റേഷനിൽ നിന്ന് രാവിലെ 9 മണിക്ക് പുറപ്പെടും. അവസാന സർവീസ് രാത്രി 9.45 നാണ്. അറ്റ്ലാന്റിസ് അക്വാവെഞ്ചറിൽ നിന്നുള്ള സർവീസുകൾ രാവിലെ 9.15 ന് ആരംഭിക്കും. അവസാന ട്രെയിൻ രാത്രി 10 മണിക്ക് പുറപ്പെടും. ആഴ്ചയിൽ എല്ലാ ദിവസവും 15 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ സർവീസ് നടത്തുന്നു.
