മക്ക ഹജ് സീസണിൽ ശരിയായ ലൈസൻസില്ലാതെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും കർശന വിലക്കുള്ളതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഇത് ലംഘിക്കുന്നവർക്ക് 10 വർഷം വരെ തടവും ഒരു കോടി റിയാൽ പിഴയും ലഭിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. മുഴുവൻ ഭക്ഷ്യ ഫാക്‌ടറികളും വെയർഹൗസുകളും ഭക്ഷ്യ നിയമവും അതിൻ്റെ നടപ്പാക്കൽ ചട്ടങ്ങളും പാലിക്കണമെന്ന് അതോറിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തീർഥാടകർക്കിടയിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെയും മരുന്നുകളുടെയും സുരക്ഷ ഉറപ്പാക്കുന്നത് ഏറ്റവും വലിയ മുൻഗണനയാണ്. നിയമ ലംഘനങ്ങളിൽ ഒരു വിട്ടുവീഴ്‌ചയും ഇല്ലാത്ത സമീപനം സ്വീകരിക്കും. ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് പുറത്ത് ഉൽപ്പന്നങ്ങൾ സൂക്ഷിക്കരുത്. അടച്ചിട്ട സ്ഥാപനങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ പ്രവർത്തനം പുനരാരംഭിക്കാവതല്ല.
അംഗീകൃത മാനദണ്ഡങ്ങളും ആവശ്യകതകളും പൂർണമല്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് കർശന വിലക്കുണ്ട്. കുറ്റവാളികൾ പിഴ, തടവ്, 180 ദിവസം വരെ ഭക്ഷ്യ സംബന്ധിയായ മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സസ്പെൻഷൻ, ഒരു വർഷം വരെ ലൈസൻസുകൾ റദ്ദാക്കൽ, സസ്പെൻഡ് ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. സൗദി ഭരണാധികാരികളുടെ നിർദേശങ്ങൾക്കനുസൃതമായി തീർഥാടകരെ പിന്തുണക്കാനായി മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് അതോറിറ്റി പ്രവർത്തിക്കുന്നു.
19999 എന്ന ഏകീകൃത നമ്പർ വഴി പൊതുജനങ്ങൾ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും സൗദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു.

















Leave a Reply