റിയാദ്: ഡിജിറ്റൽ സർക്കാർ സേവനങ്ങളിൽ ആഗോളതലത്തിൽ മികച്ച നേട്ടം കൈവരിച്ച് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ്. ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ 2026ലെ ലോക്കൽ ഓൺലൈൻ സർവീസസ് ഇൻഡക്സിൽ (LOSI) റിയാദ് ഒന്നാം സ്ഥാനം പങ്കിട്ടു.
ലോകത്തെ 194 നഗരങ്ങളെ വിലയിരുത്തിയാണ് റാങ്കിങ് തയ്യാറാക്കിയത്. എല്ലാ വിലയിരുത്തൽ വിഭാഗങ്ങളിലും 100 ശതമാനം സ്കോർ നേടിയാണ് റിയാദ് ഈ നേട്ടം സ്വന്തമാക്കിയത്.
2024ലെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തായിരുന്ന റിയാദ് ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ദുബായ്, മനാമ, മാഡ്രിഡ്, സാവോ പോളോ, വിയന്ന എന്നീ നഗരങ്ങളും റിയാദിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു.
ഡിജിറ്റൽ സേവനങ്ങൾ, ഡിജിറ്റൽ ഉള്ളടക്കം, സ്ഥാപനങ്ങളുടെ പ്രവർത്തന സംവിധാനം, ഡിജിറ്റൽ സാക്ഷരത, അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ പങ്കാളിത്തം എന്നീ ആറ് പ്രധാന മേഖലകളിലെ മികച്ച പ്രകടനമാണ് റിയാദിന്റെ നേട്ടത്തിന് പിന്നിൽ.
റിയാദ് നഗരസഭ നടപ്പാക്കുന്ന ഡിജിറ്റൽ സേവന വികസന പദ്ധതികളും നഗരസഭാ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളും ഈ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചു.
റിയാദ് മുനിസിപ്പൽ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സർക്കാർ സേവനങ്ങൾ കൂടുതൽ ആധുനികമാക്കുന്നതിനും പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.
നഗരവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ എളുപ്പത്തിൽ ലഭ്യമാക്കുക, സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നടപ്പാക്കുന്ന ഡിജിറ്റൽ പരിവർത്തന പ്രവർത്തനങ്ങളുടെ നേട്ടമാണ് പുതിയ റാങ്കിങ് വ്യക്തമാക്കുന്നത്.
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും സ്മാർട്ട് സിറ്റി സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും റിയാദ് കൈവരിച്ച മുന്നേറ്റത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
