റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ (KAFD) ബഹുനില കെട്ടിടത്തിന് നേരെ ഹൂത്തി സായുധസംഘം നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങൾ. കെട്ടിടത്തിന്റെ നിരവധി നിലകൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ലെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
നവംബർ 19 വ്യാഴാഴ്ചയാണ് റിയാദിലെ പ്രധാന സാമ്പത്തിക കേന്ദ്രമായ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ടവർ ആക്രമിക്കപ്പെട്ടത്.
ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ സിവിൽ ഡിഫൻസ് സംഘങ്ങളും ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളും സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചതായി ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി അംഗീകൃത സുരക്ഷാ നടപടികളും അടിയന്തര പ്രവർത്തനങ്ങളും ഉടൻ നടപ്പാക്കിയതായി അധികൃതർ അറിയിച്ചു.
സാധാരണക്കാർ ഉപയോഗിക്കുന്ന കെട്ടിടങ്ങളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി.
സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. റിയാദിലെ സിവിലിയൻ, സാമ്പത്തിക സ്ഥാപനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്തിന്റെ പരമാധികാരവും ദേശീയ സമ്പത്തും സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നിയമാനുസൃത നടപടികളും സ്വീകരിക്കാൻ സൗദി അറേബ്യയ്ക്ക് പൂർണ അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൗദിയുടെ ഭൂപ്രദേശങ്ങളെയോ ദേശീയ ആസ്തികളെയോ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഹൂത്തികളുടെ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങൾ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും സൗദി ആവശ്യപ്പെട്ടു.
ഹൂത്തി ആക്രമണങ്ങളെ അപലപിക്കുന്നതിനൊപ്പം ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭാ പ്രമേയങ്ങൾ നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഹൂത്തികളുടെ തുടർച്ചയായ ആക്രമണങ്ങൾ സൗദി അറേബ്യയുടെ സുരക്ഷയ്ക്ക് മാത്രമല്ല, പ്രാദേശികവും ആഗോളവുമായ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
