ന്യൂയോർക്ക്: പ്രകൃതിവിഭവങ്ങളിൽ നിന്നുള്ള വരുമാനം അക്രമങ്ങൾക്കും സംഘർഷങ്ങൾക്കും ധനസഹായം നൽകുന്നതിനായി ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. പ്രകൃതിവിഭവങ്ങളുടെ അനധികൃത വ്യാപാരം തടയുന്നതിനും ഊർജ കേന്ദ്രങ്ങളുടെയും അന്താരാഷ്ട്ര സമുദ്ര വ്യാപാരപാതകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള സഹകരണം ശക്തിപ്പെടുത്തണമെന്നും സൗദി ആവശ്യപ്പെട്ടു.
പ്രകൃതിവിഭവങ്ങളും സംഘർഷങ്ങളും സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ നടന്ന യോഗത്തിലാണ് സൗദി അറേബ്യ നിലപാട് വ്യക്തമാക്കിയത്.
ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തുള്ള സൗദി സ്ഥിരം പ്രതിനിധി സംഘത്തിന്റെ ആക്ടിങ് ചുമതല വഹിക്കുന്ന ഫാരിസ് അൽ ഒതൈബിയാണ് യോഗത്തിൽ സൗദിയുടെ നിലപാട് അവതരിപ്പിച്ചത്.
ഓരോ രാജ്യത്തിനും സ്വന്തം പ്രകൃതിവിഭവങ്ങളുടെ മേലുള്ള പരമാധികാരം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് സൗദി വ്യക്തമാക്കി. പ്രകൃതിവിഭവങ്ങളിൽ നിന്നുള്ള വരുമാനം അതത് രാജ്യങ്ങളിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
യെമനിലെ എണ്ണ ഉൽപ്പാദന, കയറ്റുമതി കേന്ദ്രങ്ങൾക്കെതിരായ ഹൂത്തി ആക്രമണങ്ങൾ രാജ്യത്തിന്റെ എണ്ണ കയറ്റുമതിയെ തടസ്സപ്പെടുത്തിയതായി സൗദി പ്രതിനിധി പറഞ്ഞു.
ഈ ആക്രമണങ്ങൾ മൂലം യെമൻ ജനതയ്ക്ക് ലഭിക്കേണ്ട പ്രധാന സാമ്പത്തിക വരുമാനം നഷ്ടപ്പെട്ടതായും സൗദി അറേബ്യ ചൂണ്ടിക്കാട്ടി.
ഊർജ കേന്ദ്രങ്ങൾ, സമുദ്ര ഗതാഗതപാതകൾ, ആഗോള ചരക്കുവിതരണ ശൃംഖലകൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരതയ്ക്ക് അനിവാര്യമാണെന്നും സൗദി വ്യക്തമാക്കി.
സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനും എണ്ണയെ മാത്രം ആശ്രയിക്കാത്ത സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിനും രാജ്യം സ്വീകരിക്കുന്ന നടപടികളും യോഗത്തിൽ വിശദീകരിച്ചു.
സംഘർഷങ്ങളുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ പ്രധാനമാണെന്നും സൗദി അറേബ്യ വ്യക്തമാക്കി.
പ്രകൃതിവിഭവങ്ങൾ ജനങ്ങളുടെ വികസനത്തിനും സാമ്പത്തിക പുരോഗതിക്കും ഉപയോഗിക്കപ്പെടണമെന്നും അക്രമങ്ങളും സംഘർഷങ്ങളും തുടരുന്നതിനുള്ള സാമ്പത്തിക സ്രോതസ്സുകളായി മാറുന്നത് തടയണമെന്നും സൗദി പ്രതിനിധി ഊന്നിപ്പറഞ്ഞു.
