റിയാദ്: സൗദി അറേബ്യയിൽ വൻകിട ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് നികുതി (Domestic Minimum Top-up Tax – DMTT) നടപ്പാക്കുമെന്ന് സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു. 2027 ജനുവരി ഒന്ന് മുതലാണ് പുതിയ നികുതി സംവിധാനം പ്രാബല്യത്തിൽ വരിക.
വാർഷിക സംയോജിത വരുമാനം 75 കോടി യൂറോയോ അതിന് തുല്യമായ സൗദി റിയാലോ അതിലധികമോ ഉള്ള ബഹുരാഷ്ട്ര കമ്പനി ഗ്രൂപ്പുകൾക്ക് കീഴിലുള്ള യോഗ്യമായ സ്ഥാപനങ്ങൾക്കാണ് പുതിയ നികുതി ബാധകമാകുന്നത്.
നികുതി ബാധകമാകുന്ന സാമ്പത്തിക വർഷത്തിന് മുമ്പുള്ള നാല് സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും മാതൃകമ്പനിയുടെ സംയോജിത സാമ്പത്തിക പ്രസ്താവനകളിൽ ഈ വരുമാനപരിധി കൈവരിച്ചിരിക്കണം.
എല്ലാ സൗദി കമ്പനികൾക്കും പുതിയ നികുതി ബാധകമല്ല. നിശ്ചിത വരുമാനപരിധി പാലിക്കുന്ന ബഹുരാഷ്ട്ര കമ്പനി ഗ്രൂപ്പുകളുടെ ഭാഗമായ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇത് ബാധകമാകുക.
സൗദിയിൽ മാത്രം പ്രവർത്തിക്കുന്നതും നിയമത്തിന്റെ പരിധിയിൽ വരുന്ന ബഹുരാഷ്ട്ര കമ്പനി ഗ്രൂപ്പുകളുടെ ഭാഗമല്ലാത്തതുമായ ആഭ്യന്തര കമ്പനികളെ പുതിയ നികുതി സംവിധാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ നിയമപ്രകാരം യോഗ്യമായ കമ്പനികളുടെ സൗദിയിലെ ലാഭത്തിന്മേലുള്ള ഫലപ്രദമായ നികുതി നിരക്ക് 15 ശതമാനത്തിൽ താഴെയാണെങ്കിൽ, നിശ്ചിത വ്യവസ്ഥകൾക്കനുസരിച്ച് വ്യത്യാസം അധിക നികുതിയായി ഈടാക്കാൻ കഴിയും.
15 ശതമാനം നികുതി കമ്പനികളുടെ മൊത്തം വരുമാനത്തിന്മേലല്ല, ലാഭത്തിന്മേലുള്ള കുറഞ്ഞ ഫലപ്രദമായ നികുതി നിരക്കാണെന്ന് ZATCA വ്യക്തമാക്കി.
ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (OECD), ജി20 രാജ്യങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ആഗോള മിനിമം നികുതി സംവിധാനമായ പില്ലർ ടുവിന്റെ (Pillar Two) ഭാഗമായാണ് സൗദിയും പുതിയ നികുതി നടപ്പാക്കുന്നത്.
ബഹുരാഷ്ട്ര കമ്പനികൾ പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ സൃഷ്ടിക്കുന്ന ലാഭത്തിന് ന്യായമായ നികുതി ഉറപ്പാക്കുക, രാജ്യത്തിന്റെ നികുതി അവകാശങ്ങൾ സംരക്ഷിക്കുക, അന്താരാഷ്ട്ര നികുതി മാനദണ്ഡങ്ങളുമായി സൗദിയുടെ നികുതി സംവിധാനത്തെ ഏകീകരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പുതിയ നികുതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കമ്പനികൾക്ക് ZATCAയെ ബന്ധപ്പെടാം.
ബന്ധപ്പെടാനുള്ള വിവരങ്ങൾ:
– ഹെൽപ്ലൈൻ: 19993 (24 മണിക്കൂറും)
– ഇമെയിൽ: Info@zatca.gov.sa
– എക്സ് അക്കൗണ്ട്: @Zatca_care
– വെബ്സൈറ്റ്: www.zatca.gov.sa
ആഗോളതലത്തിൽ നികുതി നീതി ഉറപ്പാക്കുന്നതിനും ബഹുരാഷ്ട്ര കമ്പനികളുടെ ലാഭത്തിന് ന്യായമായ നികുതി ഈടാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
