മക്ക: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റു കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഇദ് ബിൻ അബ്ദു ബിൻ ബർക്കി ആരിദി എന്ന സൗദി പൗരന്റെ തഅ്സീർ (Ta’zir) പ്രകാരമുള്ള വധശിക്ഷയാണ് മക്ക പ്രവിശ്യയിൽ വെച്ച് നടപ്പിലാക്കിയത്.
കുറ്റകൃത്യം ചെയ്ത പ്രതിയെ രക്ഷാസേന പിടികൂടുകയും അന്വേഷണത്തിൽ കുറ്റം തെളിയുകയും ചെയ്തിരുന്നു. ക്രൂരവും ആവർത്തിച്ചുള്ളതുമായ ഇത്തരം കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, സമൂഹത്തിന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ പ്രതിക്ക് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി ഉത്തരവിടുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതിനെ തുടർന്ന് വധശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. 1448 ജമാദുൽ അവ്വൽ 27 (2026 നവംബർ 7, ശനി) നാണ് ശിക്ഷ നടപ്പാക്കിയത്.
രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇസ്ലാമിക നിയമങ്ങൾ പാലിച്ചുകൊണ്ട് നിരപരാധികളുടെ അവകാശങ്ങളും ജീവനും മാനവും സംരക്ഷിക്കുന്നതിനും സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ തന്നെ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
