റിയാദ്: സൗദി അറേബ്യയിലെ സ്പോർട്സ് സെന്ററുകളിലും ജിമ്മുകളിലും സ്വദേശിവൽക്കരണ തീരുമാനം നവംബർ 18 മുതൽ പ്രാബല്യത്തിൽ വരും. ഇതിന് മുമ്പായി ആവശ്യമായ നിയമന നടപടികൾ പൂർത്തിയാക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിൽ മേഖലകളിൽ സൗദി പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം നടപ്പാക്കുന്നത്. തൊഴിൽ വിപണിയുടെ ആവശ്യകതകൾ പരിഗണിച്ച് കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
സ്വദേശിവൽക്കരണ നടപടികൾ നടപ്പാക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ ഏജൻസികളും വിവിധ സഹായ പദ്ധതികളും ആനുകൂല്യങ്ങളും നൽകും.
ജീവനക്കാരുടെ റിക്രൂട്ട്മെന്റ്, പരിശീലനം, തൊഴിൽ യോഗ്യത വികസനം, നിയമനം, ജോലി നിലനിർത്തൽ തുടങ്ങിയ മേഖലകളിലാണ് സഹായം ലഭ്യമാക്കുക. കൂടാതെ മാനവ വിഭവശേഷി വികസന നിധിയായ ഹദഫ് (Hadaf) നടപ്പാക്കുന്ന സ്വദേശിവൽക്കരണ സഹായ പദ്ധതികളിൽ സ്ഥാപനങ്ങൾക്ക് മുൻഗണനയും ലഭിക്കും.
നിയമനിബന്ധനകളും നടപ്പാക്കൽ നടപടികളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നടപടിക്രമ മാർഗരേഖ പരിശോധിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
