ക്വാലാലംപൂർ: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ തീയതികൾ മാറ്റി. പുതുക്കിയ ഷെഡ്യൂൾ പ്രകാരം 2027 ഡിസംബർ 23 മുതൽ 2028 ജനുവരി 21 വരെയാണ് മത്സരങ്ങൾ നടക്കുക.
നേരത്തെ 2027 ജനുവരി ഏഴ് മുതൽ ഫെബ്രുവരി അഞ്ച് വരെയായിരുന്നു ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരുന്നത്.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് തീയതി മാറ്റം സ്ഥിരീകരിച്ചത്. ടൂർണമെന്റിന്റെ പ്രാദേശിക സംഘാടക സമിതിയുമായും സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷനുമായും നടത്തിയ ഏകോപനത്തെ തുടർന്നാണ് തീരുമാനമെന്ന് എഎഫ്സി അറിയിച്ചു.
തീയതികളിൽ മാറ്റം വരുത്തിയെങ്കിലും ടൂർണമെന്റിന്റെ വേദി സൗദി അറേബ്യ തന്നെയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുമെന്നും എഎഫ്സിയുമായും ബന്ധപ്പെട്ട മറ്റ് വിഭാഗങ്ങളുമായും സഹകരണം തുടരുമെന്നും പ്രാദേശിക സംഘാടക സമിതി അറിയിച്ചു.
ഏഷ്യയിലെ ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷകൾക്കൊത്തതും സൗദി അറേബ്യയുടെ അന്താരാഷ്ട്ര കായികരംഗത്തെ സ്ഥാനം ഉയർത്തിക്കാട്ടുന്നതുമായ മികച്ച ഏഷ്യൻ കപ്പ് സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും സംഘാടക സമിതി വ്യക്തമാക്കി.
