അറ്റ്ലാന്റ: സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന എക്സ്പോ 2030ൽ അമേരിക്കയുടെ ഔദ്യോഗിക പങ്കാളിത്തം ഉറപ്പാക്കുന്ന കരാറിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഒപ്പുവച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര പ്രദർശനത്തിന്റെ ഒരുക്കങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നത്.
അമേരിക്കൻ കമ്പനികൾക്ക് പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാനും സാങ്കേതിക നവീകരണങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും സൗദി–യുഎസ് തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും എക്സ്പോ 2030 സഹായിക്കുമെന്ന് മാർക്കോ റൂബിയോ വ്യക്തമാക്കി.
കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്ന് അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ രാജകുമാരി അഭിപ്രായപ്പെട്ടു.
2030ൽ റിയാദിൽ അമേരിക്കയെ സ്വാഗതം ചെയ്യാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ആഗോളതലത്തിൽ സാമ്പത്തിക, സാങ്കേതിക, വ്യാപാര മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ എക്സ്പോ വഴിയൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
