റിയാദ്: സൗദിയിൽ 250ൽ താഴെ ലക്ഷ്യമിടുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങൾ തൊഴിലാളികളുടെ താമസസൗകര്യം നിയമാനുസൃതമാക്കണമെന്ന് നാഷനൽ പ്രോഗ്രാം ഫോർ ഡെവലപ്പിങ് ഗ്രൂപ്പ് ഹൗസിങ് ഫോർ ഇൻഡിവിജ്വൽസ്. 2027 ഫെബ്രുവരി ഒന്നിന് നിർബന്ധിത നിയമം പൂർണമായി നടപ്പാക്കുന്നതിന് മുന്നോടിയായി ആവശ്യമായ നടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ നിർദേശിച്ചു.
മുനിസിപ്പാലിറ്റി-പാർപ്പിട മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമായി തൊഴിലാളികളുടെ താമസസൗകര്യങ്ങളിൽ ആരോഗ്യ, സുരക്ഷാ, ജീവിതനിലവാര മാനദണ്ഡങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
സ്ഥാപനങ്ങൾക്ക് നിലവിൽ അനുവദിച്ചിരിക്കുന്ന സമയപരിധി ഇളവുകാലമാണ്. ഈ കാലയളവിൽ രണ്ട് മാർഗങ്ങളിലൂടെ താമസസൗകര്യം നിയമാനുസൃതമാക്കാം.
ഒന്നാമതായി, നിശ്ചിത ആരോഗ്യ, സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം കെട്ടിടത്തിന് അംഗീകൃത പ്ലാറ്റ്ഫോമുകൾ വഴി കൂട്ടത്താമസ ലൈസൻസ് നേടാം. രണ്ടാമതായി, ഇതിനകം ലൈസൻസ് നേടിയിട്ടുള്ള താമസകേന്ദ്രങ്ങളുമായി കരാറിലേർപ്പെടാം. ഇതിലൂടെ സ്വന്തം താമസകെട്ടിടം നടത്താതെ തന്നെ തൊഴിലാളികൾക്ക് അംഗീകൃത താമസസൗകര്യം ഒരുക്കാനാകും.
ലൈസൻസ് നേടുകയോ അംഗീകൃത താമസകേന്ദ്രങ്ങളുമായി കരാറിലേർപ്പെടുകയോ ചെയ്യുന്ന നടപടികൾ വൈകിക്കരുതെന്ന് പദ്ധതി അധികൃതർ മുന്നറിയിപ്പ് നൽകി. അനധികൃതമായി താമസ ആവശ്യങ്ങൾക്ക് കെട്ടിടങ്ങൾ ഉപയോഗിക്കുന്നത് തടയാനും തൊഴിലാളികളുടെ ആരോഗ്യ-സുരക്ഷാ നിലവാരം മെച്ചപ്പെടുത്താനും പുതിയ ക്രമീകരണം സഹായിക്കും.
നിശ്ചിത സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. സർക്കാർ മന്ത്രാലയങ്ങളുടെയും വിവിധ ഏജൻസികളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
