റിയാദ്: എത്യോപ്യയിൽനിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കരാറുകൾ മുസാനിദ് പ്ലാറ്റ്ഫോം വഴി റദ്ദാക്കിയെന്നും ഇതിന്റെ ഭാഗമായി റിക്രൂട്ട്മെന്റ് ചെലവിൽ 30 ശതമാനം വർധനയുണ്ടായെന്നും പ്രചരിക്കുന്ന വാർത്തകൾ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിഷേധിച്ചു.
വിദേശത്തെ ചില റിക്രൂട്ട്മെന്റ് ഏജൻസികൾ നേരിട്ട പ്രതിസന്ധി കാരണം കരാർ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് വളരെ കുറച്ച് കരാറുകൾ റദ്ദാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് സൗദിയിലെ ലൈസൻസുള്ള റിക്രൂട്ട്മെന്റ് കമ്പനികളെ ബാധിച്ചിരുന്നു.
റിക്രൂട്ട്മെന്റ് നടപടികളിലെ കാലതാമസം പരിഹരിക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സേവനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനുമാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം വിശദീകരിച്ചു.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സേവനങ്ങൾ മുസാനിദ് പ്ലാറ്റ്ഫോം വഴി പഴയ അംഗീകൃത നിരക്കുകളിൽ തുടരുന്നുണ്ട്. റിക്രൂട്ട്മെന്റ് ചെലവിൽ വർധന വരുത്തുന്നതുമായി ഈ നടപടികൾക്ക് ബന്ധമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
