റിയാദ്: വാണിജ്യ ഇടപാടുകൾ നിയന്ത്രിക്കുന്ന സമഗ്ര നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ഒക്ടോബർ 27ന് അംഗീകരിച്ച പുതിയ നിയമപ്രകാരം രക്ഷിതാവിന്റെയോ നിയമപരമായ സംരക്ഷകന്റെയോ കോടതിയുടെയോ അനുമതിയോടെ 15 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാം.
വാണിജ്യ വിൽപന, വിതരണ കരാറുകൾ, വാണിജ്യ ഏജൻസികൾ, ബ്രോക്കറേജ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ആദ്യമായി ഒരൊറ്റ നിയമത്തിന് കീഴിൽ കൊണ്ടുവരുന്നതാണ് പുതിയ നിയമത്തിന്റെ പ്രധാന സവിശേഷത.
വ്യാപാരികൾക്കിടയിലെ ന്യായമായ മത്സരം ഉറപ്പാക്കുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു. ദോഷകരമായ വ്യാപാര രീതികൾ മൂലം നഷ്ടം നേരിടുന്നവർക്ക് കോടതിയെ സമീപിച്ച് ഇത്തരം നടപടികൾ അവസാനിപ്പിക്കാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും അവകാശമുണ്ടാകും.
അക്കൗണ്ടിങ് രേഖകൾ സൂക്ഷിക്കുന്നതിനും കൃത്യമായി പരിപാലിക്കുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ ചില വിഭാഗം വ്യാപാരികളെ ഈ ബാധ്യതയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. ഇതോടെ നിലവിലുള്ള വാണിജ്യ നിയമം, വാണിജ്യ രേഖാ നിയമം, വാണിജ്യ പുസ്തക നിയമം എന്നിവയ്ക്ക് പകരമായി പുതിയ നിയമം നിലവിൽ വരുമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ അറിയിച്ചു.
