റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും മലേഷ്യൻ രാജാവ് സുൽത്താൻ ഇബ്രാഹിമിന്റെ സന്ദേശങ്ങൾ ലഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടതാണ് സന്ദേശങ്ങൾ.
സൗദി വിദേശകാര്യ ഉപമന്ത്രി എൻജിനീയർ വലീദ് അൽഖുറൈജി ചൊവ്വാഴ്ച റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് മലേഷ്യൻ അംബാസഡർ ദാതോ മുഹമ്മദ് സയ്ദ് ബക്രിയിൽനിന്ന് സന്ദേശങ്ങൾ ഏറ്റുവാങ്ങി.
കൂടിക്കാഴ്ചയിൽ സൗദി–മലേഷ്യ ഉഭയകക്ഷി ബന്ധങ്ങൾ വിലയിരുത്തി. ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള വിവിധ വിഷയങ്ങളും ചർച്ച ചെയ്തതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
