റിയാദ്: സൗദിയിൽ റോഡ് അറ്റകുറ്റപ്പണികൾക്ക് ഉപയോഗിക്കുന്ന പുതിയ സാങ്കേതികവിദ്യയിലൂടെ ചെലവ് 26 ശതമാനത്തോളം കുറയ്ക്കാനും പദ്ധതി പൂർത്തിയാക്കുന്ന സമയം 40 ശതമാനം വരെ ലാഭിക്കാനും കഴിയുമെന്ന് റോഡ് ജനറൽ അതോറിറ്റി അറിയിച്ചു.
ചൂടിന് പകരം വെള്ളം ഉപയോഗിച്ച് റോഡിലെ ടാറിങ് ഇളക്കിയെടുത്ത് പുനരുപയോഗിക്കുന്ന രീതിയാണിത്. ഇതിലൂടെ ഊർജ ഉപയോഗവും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളലും കുറയ്ക്കാനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും കഴിയുമെന്ന് അതോറിറ്റി വ്യക്തമാക്കി.
നിലവിലുള്ള റോഡിലെ അഞ്ച് മുതൽ 10 സെന്റിമീറ്റർ വരെ കനമുള്ള ടാറിങ് പാളി ആദ്യം ഇളക്കിയെടുക്കും. പിന്നീട് മറ്റ് വസ്തുക്കളുമായി ചേർത്ത് പുനരുപയോഗത്തിന് അനുയോജ്യമാക്കും. തുടർന്ന് റോഡിൽ വീണ്ടും വിരിച്ച് നിരപ്പാക്കിയ ശേഷം ഉറപ്പിച്ച് മിനുസപ്പെടുത്തുന്നതാണ് നടപടിക്രമം.
റോഡ് മേഖലയിലെ ചെലവുകൾ കാര്യക്ഷമമാക്കുന്നതിനും റോഡുകളുടെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കും. റോഡ് അപകടങ്ങളിലെ മരണനിരക്ക് ഒരു ലക്ഷം പേരിൽ അഞ്ചിൽ താഴെയാക്കുക, അന്താരാഷ്ട്ര റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക, ഉയർന്ന സേവന നിലവാരം നിലനിർത്തുക എന്നിവയാണ് റോഡ് മേഖലയിലെ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്നും അതോറിറ്റി അറിയിച്ചു.
