കെയ്റോ: സൗദി അറേബ്യയ്ക്ക് സൈനിക സഹായം നൽകാനും ആവശ്യമെങ്കിൽ രാജ്യത്തിന്റെ അതിർത്തിയും പരമാധികാരവും വിശുദ്ധ കേന്ദ്രങ്ങളും സംരക്ഷിക്കാൻ സൈനികരെ വിന്യസിക്കാനും പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിക്ക് അനുമതി നൽകി ഈജിപ്ത് പാർലമെന്റ്.
തിങ്കളാഴ്ച അടച്ചിട്ട മുറിയിൽ നടന്ന ചർച്ചകൾക്കു ശേഷം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് അനുമതി അംഗീകരിച്ചത്. പ്രാദേശിക സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ സൗദിയുമായി ഏകോപിച്ച് രാജ്യത്തിന്റെ സുരക്ഷയ്ക്കായി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇതിലൂടെ പ്രസിഡന്റിന് അധികാരം ലഭിക്കും.
ഒക്ടോബർ 18, 19, 26 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായിരുന്നു പാർലമെന്റിന്റെ അടച്ചിട്ട ചർച്ചകൾ. ഈജിപ്തിന്റെയും അറബ് രാജ്യങ്ങളുടെയും ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രാദേശിക സംഭവവികാസങ്ങൾ യോഗം വിലയിരുത്തി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സ്വതന്ത്ര അംഗങ്ങളും ചർച്ചകളിൽ പങ്കെടുത്തു.
ഒക്ടോബർ 18ന് ചേർന്ന ഈജിപ്തിന്റെ ദേശീയ പ്രതിരോധ കൗൺസിൽ കൈക്കൊണ്ട തീരുമാനങ്ങൾക്ക് അനുസൃതമാണ് പാർലമെന്റിന്റെ അംഗീകാരമെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഹൂതി സായുധസംഘവും യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം. റിയാദ് ഉൾപ്പെടെ സൗദിയുടെ വിവിധ മേഖലകളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ആവർത്തിക്കുന്നതായി സൗദി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
