റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര എണ്ണയിതര കയറ്റുമതിയിൽ 2026 ഓഗസ്റ്റിൽ വാർഷികാടിസ്ഥാനത്തിൽ 8.5 ശതമാനം വർധന രേഖപ്പെടുത്തി. അതേസമയം, ആകെ ചരക്ക് കയറ്റുമതിയിൽ 11.5 ശതമാനം ഇടിവുണ്ടായതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗാസ്റ്റാറ്റ്) അറിയിച്ചു.
ഓഗസ്റ്റിലെ അന്താരാഷ്ട്ര ചരക്ക് വ്യാപാര കണക്കുകൾ പ്രകാരം പ്ലാസ്റ്റിക്, റബർ ഉൽപന്നങ്ങളാണ് എണ്ണയിതര കയറ്റുമതിയിൽ ഏറ്റവും വലിയ പങ്കുവഹിച്ചത്. ആകെ എണ്ണയിതര കയറ്റുമതിയുടെ 22.6 ശതമാനവും ഈ വിഭാഗത്തിലാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഈ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 7.5 ശതമാനം വർധനയുണ്ടായി.
എന്നാൽ, പുനർകയറ്റുമതി ഉൾപ്പെടെയുള്ള ആകെ എണ്ണയിതര കയറ്റുമതിയിൽ 9.1 ശതമാനം ഇടിവുണ്ടായി. പുനർകയറ്റുമതി മാത്രം 34 ശതമാനം കുറഞ്ഞു. എണ്ണ കയറ്റുമതിയിൽ 12.5 ശതമാനം ഇടിവുണ്ടായതാണ് ആകെ ചരക്ക് കയറ്റുമതി കുറയാൻ പ്രധാന കാരണം. ചരക്ക് ഇറക്കുമതിയിലും 9.1 ശതമാനം കുറവുണ്ടായി.
സൗദിയുടെ ചരക്ക് വ്യാപാര മിച്ചം കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 21 ശതമാനം കുറഞ്ഞു. അതേസമയം, ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോൾ പുനർകയറ്റുമതി ഉൾപ്പെടെയുള്ള എണ്ണയിതര കയറ്റുമതിയുടെ അനുപാതം 36.48 ശതമാനത്തിൽനിന്ന് 36.51 ശതമാനമായി ഉയർന്നു.
സൗദിയുടെ ഏറ്റവും വലിയ കയറ്റുമതി വിപണി യുഎഇയാണ്. ആകെ കയറ്റുമതിയുടെ 11.4 ശതമാനവും യുഎഇയിലേക്കായിരുന്നു. ദക്ഷിണ കൊറിയ (11.2%), ഇന്ത്യ (8.4%) എന്നിവയാണ് തൊട്ടുപിന്നിൽ.
ഇറക്കുമതിയിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ആകെ ഇറക്കുമതിയുടെ 21.9 ശതമാനവും ചൈനയിൽനിന്നാണ്. അമേരിക്ക (8.4%), ഈജിപ്ത് (5.8%) എന്നിവയാണ് തൊട്ടുപിന്നിൽ.
ചരക്ക് ഇറക്കുമതിയുടെ 46.7 ശതമാനവും കൈകാര്യം ചെയ്തത് ജിദ്ദ ഇസ്ലാമിക് തുറമുഖമാണ്. എണ്ണയിതര ചരക്ക് കയറ്റുമതിയിലും 27.5 ശതമാനം വിഹിതവുമായി ജിദ്ദ തുറമുഖം ഒന്നാമതെത്തി.
സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, ഊർജ മന്ത്രാലയം എന്നിവയുടെ ഭരണപരമായ രേഖകളെ അടിസ്ഥാനമാക്കിയാണ് കണക്കുകൾ തയ്യാറാക്കിയതെന്ന് ഗാസ്റ്റാറ്റ് വ്യക്തമാക്കി. 2026ലെ കണക്കുകൾ പ്രാഥമികമാണെന്നും അതോറിറ്റി അറിയിച്ചു.
