റിയാദ്: മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് അയവുവരുത്തുന്നതിനും നയതന്ത്ര പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഇറാനിലെത്തി. മക്ക സംയുക്ത പ്രതിരോധ കരാറിലെ അംഗരാജ്യങ്ങളുടെ പ്രതിനിധികളും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരുമായാണ് ചർച്ചകൾ നടത്തുന്നത്.
സൗദി, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് സൗദി വിദേശകാര്യ പൊതുനയതന്ത്ര ഡെപ്യൂട്ടി മന്ത്രി അംബാസഡർ ഡോ. റായിദ് ക്രിംലി എക്സിലൂടെ അറിയിച്ചു.
പാകിസ്താൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, തുർക്കി ദേശീയ ഇന്റലിജൻസ് മേധാവി ഇബ്രാഹിം കലൻ എന്നിവരും സംഘത്തിലുണ്ട്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സൻ റെസായി എന്നിവരുമായി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും.
പ്രാദേശിക പ്രതിസന്ധിയിൽ ഉൾപ്പെട്ട കക്ഷികൾക്കിടയിലെ സംഘർഷം കുറയ്ക്കുന്നതിനും ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും പരിഹാരം കണ്ടെത്തുന്നതിനുമുള്ള തുടർശ്രമങ്ങളുടെ ഭാഗമാണ് സന്ദർശനമെന്ന് ക്രിംലി വ്യക്തമാക്കി.
പ്രതിസന്ധി പരിഹരിക്കുന്നതിനായി ഖത്തറും പാകിസ്താനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതും ചർച്ചകളുടെ ലക്ഷ്യമാണ്. മേഖലയിൽ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിൽ മക്ക പ്രതിരോധ കരാറിലെ രാജ്യങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
